പത്തനംതിട്ട : എഐ കാമറകൾ നിരീക്ഷണത്തിന് എത്തിയതോടെ കാമറയെ കബളിപ്പിച്ച് ന്യൂജെൻ ബൈക്കുകളിൽ അഭ്യാസം കാണിച്ചു ചീറിപായുന്ന യുവാക്കൾ പിഴയിൽ നിന്ന് രക്ഷപെടാൻ പുറത്തെടുക്കുന്നത് പല തന്ത്രങ്ങള്‍. സമാന രീതിയില്‍ നമ്പർ പ്ലേറ്റ് മറച്ച് പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും കബളിപ്പിക്കാൻ ശ്രമിച്ച യുവാക്കളെ ട്രാഫിക് പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് (നവംബർ 9) പത്തനംതിട്ട നഗരത്തിലൂടെ നമ്പർ പ്ലേറ്റ് മറച്ചുകൊണ്ട് എഐ കാമറയെ കബളിപ്പിച്ച് ബൈക്കിൽ ചീറിപാഞ്ഞ രണ്ട് യുവാക്കളെ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് പിടികൂടിയത്.
ലൈസൻസ് ചോദിച്ചപ്പോൾ ബൈക്ക് ഓടിച്ചയാൾക്കും പിന്നിൽ ഇരുന്നയാൾക്കും ലൈസൻസ് ഇല്ല. കൂട്ടുകാരന്‍റെ ബൈക്കായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്. പത്തനംതിട്ട എസ്‌പി ഓഫിസ് ജങ്‌ഷനിൽ ആയിരുന്നു സംഭവം. ഇവിടെ ഡ്യൂട്ടിയിൽ നിന്ന ട്രാഫിക് പൊലീസുകാരനാണ് നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കില്‍ സഞ്ചരിച്ചിരുന്ന വടശേരിക്കര സ്വദേശികളായ യുവാക്കളെ പിടികൂടിയത്.
വിവരമറിഞ്ഞ് ട്രാഫിക് എസ്‌ഐ സ്ഥലത്ത് എത്തി വാഹനം കസ്റ്റഡിയില്‍ എടുത്തു. മോട്ടോര്‍ വാഹന വകുപ്പിനെയും വിവരം അറിയിച്ചു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000. സാരി ഗാര്‍ഡ് ഇല്ലാത്തതിന് 1000. നമ്പര്‍ പ്ലേട്ട് മറച്ചു വച്ചതിന് 7500, ലൈസന്‍സ് ഇല്ലാത്ത ആളിന് വാഹനം ഓടിക്കാന്‍ കൊടുത്തതിന് 5000 എന്നിങ്ങനെ 23,000 രൂപയാണ് പിഴയിട്ടത്.