പത്തനംതിട്ട:പമ്പ, മണിമല നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അപ്പർ കുട്ടനാട് നിവാസികൾ ആശങ്കയിൽ. വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനൊപ്പം നദികൾ കര കവിഞ്ഞ് ഒഴുകാനും തുടങ്ങി.
കൊവിഡിനൊപ്പം പ്രളയഭീതിയും; അപ്പർ കുട്ടനാട് നിവാസികൾ ആശങ്കയിൽ - മണിമലയർ
പമ്പ, മണിമല നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനൊപ്പം നദികൾ കര കവിഞ്ഞ് ഒഴുകാനും തുടങ്ങി.
2018 ഓഗസ്റ്റിലുണ്ടായ മഹാപ്രളയം അപ്പർ കുട്ടനാടൻ മേഖലയിൽ ഉൾപ്പെട്ട പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിൽ കനത്ത നാശം വിതച്ചിരുന്നു. പ്രളയ ദുരിതത്തിന്‍റെ ഓർമകൾ വിട്ടൊഴിയും മുമ്പ് മറ്റൊരു പ്രളയത്തെ കൂടി നേരിടേണ്ടി വരുമോയെന്ന ആശങ്കയും പ്രദേശത്ത് നിലനിൽക്കുന്നു. കിഴക്കൻ മേഖലയിൽ മഴ ശക്തി പ്രാപിച്ചതോടെ ഡാമുകൾ നിറഞ്ഞു തുടങ്ങി. കൊവിഡ് കാലത്ത് പ്രളയം കൂടി എത്തിയാൽ എങ്ങനെ നേരിടുമെന്ന ആശങ്ക തദ്ദേശ ഭരണ സ്ഥാപനങ്ങളെയും ആരോഗ്യ വകുപ്പിനെയും അലട്ടുന്നു. പ്രളയ സാധ്യത കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാമ്പുകൾക്ക് അനുയോജ്യമായ കെട്ടിടങ്ങൾ സജ്ജീകരിച്ചതായും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സംഘങ്ങൾ രൂപീകരിച്ചതായും തിരുവല്ല തഹസിൽദാർ മിനി കെ. തോമസ് പറഞ്ഞു.