പത്തനംതിട്ട: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനിടെ ആറന്മുളയിൽ ഒരാളെ തോട്ടിൽ വീണ് കാണാതായി. നാരങ്ങാനം വലിയകുളത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ സുധർമ്മ (71) എന്ന സ്ത്രീയെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായതായത്. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും ചേർന്ന് ഇവരെ കണ്ടത്താനുള്ള തെരച്ചിൽ തുടരുകയാണ്. ഇവർ വലിയകുളം - ചണ്ണമാങ്കൽ - ചെറുകോൽ ഭാഗത്തു കൂടി ഒഴുകുന്ന തോട്ടിലൂടെ പമ്പയാറിൽ എത്താൻ സാധ്യതയുണ്ടെന്നും, തോടിന്‍റെ കരയിൽ താമസിക്കുന്നവര്‍ എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണമെന്നും ആറന്മുള പൊലീസ് അറിയിച്ചു.
റെഡ് അലർട്ട്:ജില്ലയിൽ ഇന്ന് പെയ്‌ത കനത്ത മഴയിൽ പല ഭാഗങ്ങളിലും വെള്ളം കയറി. പത്തനംതിട്ടയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിശക്തമായ മഴ കണക്കിലെടുത്ത് ജില്ലയിൽ റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചു. മൂന്നിടത്ത് ഉരുള്‍പൊട്ടിയതായാണ് സൂചന. കോഴഞ്ചേരി താലൂക്കിലെ ഉരുൾപൊട്ടൽ അധികൃതർ സ്ഥിരീകരിച്ചു. ഇലന്തൂർ വില്ലേജിൽ നാലാം വാർഡിൽ കൊട്ടതട്ടി മലയുടെ ചരിവിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇതോടെ സമീപത്ത് താമസിച്ചിരുന്ന 4 വീട്ടുകാർ സുരക്ഷിത സ്ഥാനത്തേക്ക് മാറി (Heavy Rain In Pathanamthitta- Landslide Reported).
പത്തനംതിട്ട നഗരത്തിലെ റോഡുകളിലും കടകളിലും വെള്ളം കയറി. റാന്നി അരയാഞ്ഞിലിമൺ ക്രോസ് വേ വെള്ളത്തിൽ മുങ്ങി. പലയിടത്തും റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കലഞ്ഞൂർ വില്ലേജിന്‍റെ പരിധിയിലുള്ള കുറ്റുമൺ പ്രദേശത്ത് 7 വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും അയൽ വീട്ടിലേക്കും മാറ്റി പാർപ്പിച്ചു. കലഞ്ഞൂരില്‍ തന്നെ മണ്ണിൽ ഭാഗത്തെ ഒരു വീട്ടിലും വെള്ളം കയറി.
ജില്ലയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലഭിച്ചു വരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത ഉള്ള മേഖലകളിലെ ആളുകൾ ജാഗ്രത പാലിക്കാന്‍ നിർദ്ദേശമുണ്ട്. അപകട സാധ്യത ഉള്ള മേഖലകളിൽ നിന്ന് ആവശ്യമെങ്കിൽ മാറി താമസിക്കാവുന്നതാണ്. പ്രാഥമിക നിഗമന പ്രകാരം കഴിഞ്ഞ മണിക്കൂറികളിൽ പത്തനംതിട്ട നഗര പ്രദേശങ്ങളിലും മറ്റും 200 മില്ലീ മീറ്ററിന് മുകളിലുള്ള അതി തീവ്ര മഴയാണ് ലഭിച്ചത്.