പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിന് പത്തനംതിട്ട ജില്ല സജ്ജമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആവശ്യം വന്നാല്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതിന് ജില്ലയില്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും റവന്യു വകുപ്പിനാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതല നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് തലത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഓരോ ഡെപ്യൂട്ടി കലക്‌ടര്‍മാര്‍ക്ക് നല്‍കി. നിലവില്‍ ജില്ലയില്‍ 18 ക്യാമ്പുകളിലായി 310 പേരാണുള്ളത്. ആവശ്യം വന്നാല്‍ തുറക്കുന്നതിന് 484 ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അടിയന്തര സാഹചര്യം നേരിടുന്നതിന് പത്തനംതിട്ട ജില്ല സജ്ജമാണ്; ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി ആശുപത്രികളില്‍ അധികമായി കിടത്തി ചികിത്സ സൗകര്യം ഒരുക്കും. വില്ലേജ് ഓഫിസര്‍മാര്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഓരോ ക്യാമ്പിലും ഓരോ ക്യാമ്പ് ഓഫിസര്‍മാരുമുണ്ടാകും. ക്യാമ്പുകളിലേക്കുള്ള ആഹാരം, വെള്ളം, വെളിച്ചം, ചികിത്സ സഹായങ്ങള്‍ എന്നിവ ക്യാമ്പ് ഓഫിസര്‍മാര്‍ ഉറപ്പാക്കുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. ശബരിമല നിറപുത്തരി ഉത്സവം, ആറന്മുള വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ തടസം വരാതെ കാലാവസ്ഥ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാന്‍ ജില്ല കലക്‌ടര്‍ ഡോ ദിവ്യ എസ് അയ്യരെ മന്ത്രി ചുമതലപ്പെടുത്തി.
പത്തനംതിട്ടയില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. സീതത്തോടാണ് കഴിഞ്ഞ 48 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്‌തത്. പമ്പ, മണിമല ഡാമുകളില്‍ അപകടനിരപ്പിന് മുകളിലാണ് ജലം. എന്നാല്‍ കക്കി, പമ്പ ഡാമുകളിലെ ജലനിരപ്പ് ആശങ്കാജനകമല്ല. അച്ചന്‍കോവിലിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളിലും നദീതീരത്തുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം.
കുട്ടികളും ഇവരുടെ മാതാപിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വെള്ളം നിറഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കരുത്. ജലാശയങ്ങള്‍ക്ക് സമീപം സെല്‍ഫി എടുക്കാന്‍ പോകുന്നത് മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കണം. ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ നല്‍കും. ആശാ വര്‍ക്കര്‍മാരുടെ സേവനം ക്യാമ്പുകളില്‍ ഉറപ്പാക്കുമെന്നും ക്യാമ്പുകളില്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
ഡയാലിസിസ്, കാന്‍സര്‍ രോഗികള്‍ക്കുള്ള തുടര്‍ ചികിത്സ സൗകര്യങ്ങള്‍ ജില്ലയില്‍ ഉറപ്പാക്കും. ഈ സേവനമുള്ള ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ക്ക് ഡയാലിസിസിനുള്ള സൗകര്യം ഒരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ വകുപ്പുകളുടെയും ജില്ലാതല ഓഫിസര്‍മാരും ഉദ്യോഗസ്ഥരും അവധി ഒഴിവാക്കി ജോലിക്ക് എത്തണമെന്നും ജില്ല വിട്ട് പോകരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി.
ജില്ലയിലെ തദ്ദേശസ്ഥാപന തലത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള യോഗം ഇന്നും നാളെയുമായി (ഓഗസ്റ്റ് 2, 3) ചേരും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ജില്ലയിലെ 18 ആദിവാസി കോളനികളില്‍ ജില്ല സപ്ലൈ ഓഫിസര്‍ ഭക്ഷ്യവസ്‌തുക്കള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നതിന് സമാന്തര സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊലീസിന്‍റെ ഹെല്‍പ് ഡെസ്‌ക്കുകള്‍ തയാറായിക്കഴിഞ്ഞു. ക്യാമ്പുകളില്‍ പൊലീസിന്‍റെ സഹായമുണ്ടാകും. ഫയര്‍ഫോഴ്‌സിന്‍റെ മുപ്പത് പേര്‍ അടങ്ങിയ എമര്‍ജന്‍സി ടീം ജില്ലയില്‍ സജ്ജമാണ്. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ഡിങ്കി ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്. സ്‌കൂബ ടീമും, സ്‌പെഷ്യല്‍ റെസ്‌ക്യൂ ടീമും സജ്ജമാണ്.
ദേശീയ ദുരന്തനിവാരണ സേനയുടെ ടീം തിരുവല്ല ഡിടിപിസി സത്രത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ആവശ്യം വരുന്ന മുറയ്‌ക്ക് കൊല്ലത്ത് നിന്നും രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ട് എത്തിക്കുന്നതാണ്. കെഎസ്‌ഇബി ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ ഉറപ്പാക്കും. എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ജലനിരപ്പ് ഉയര്‍ന്നതുമൂലം വാട്ടര്‍ അതോറിറ്റി പമ്പിംഗ് നിര്‍ത്തിയ സാഹചര്യത്തില്‍ കിണറില്ലാത്തവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം. ക്യാമ്പുകളിലെ കുടിവെള്ള ലഭ്യതയും വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം. വരും ദിവസങ്ങളില്‍ വെള്ളം ഒഴുകി ചെല്ലുന്ന മേഖലയായ അപ്പര്‍ കുട്ടനാടില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതല്‍ എടുക്കുകയും വേണം
പഞ്ചായത്ത്, റവന്യു, പൊലീസ് വകുപ്പുകള്‍ ആവശ്യാനുസരണം അനൗണ്‍സ്‌മെന്‍റിലൂടെ സ്ഥിതിഗതികള്‍ വിശദീകരിക്കണം. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. പ്രമോദ് നാരായണ്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ല പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു