പത്തനംതിട്ട :ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോരും തര്‍ക്കങ്ങളും തുടരുന്നതിനിടെയിലും ഇന്നലെ (മെയ് 18) ഇരുവരും ഒരേ വേദിയിലെത്തി. അടൂർ കൊടുമൺ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്. ചിറ്റയം ഗോപകുമാറിന്റെ മണ്ഡലമായ അടൂരിലെ കൊടുമണ്‍ അങ്ങാടിക്കല്‍ നിവാസി കൂടിയാണ് മന്ത്രി വീണ ജോർജ്.
കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി അധ്യക്ഷത വഹിച്ചത് സ്‌പീക്കർ ആയിരുന്നു. സ്റ്റേഡിയത്തിന്‍റെ ഓഫിസ് കോംപ്ലക്‌സിന്‍റെ ഉദ്ഘാടനവും കായിക താരങ്ങളെ ആദരിക്കലും മന്ത്രി വീണ ജോർജ് നിർവഹിച്ചു. ഉദ്ഘാടന യോഗത്തിൽ ഇരുവരുടെയും ഭാഗത്ത് നിന്നും പരസ്യ വിവാദങ്ങളൊന്നും ഉണ്ടായില്ല.
പോരിനിടയിൽ വേദി പങ്കിട്ട് ആരോഗ്യമന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും പോരിനിടയിലെ വേദി പങ്കിടൽ:സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന, വിപണനമേളയുടെ ഉദ്ഘാടന സമ്മേളനം മുതലാണ് ഇരുവരും തമ്മില്‍ പോര് മുറുകിയത്. ജില്ലയിലെ എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ മന്ത്രി പരാജയമാണെന്നും ഫോൺ വിളിച്ചാൽ എടുക്കില്ലെന്നുമായിരുന്നു മന്ത്രിക്കെതിരേ ചിറ്റയം ഗോപകുമാര്‍ പരസ്യമായി പ്രതികരിച്ചത്. ഇതിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേ മന്ത്രിയും പ്രതികരിച്ചു.
തുടർന്ന് ഇരുവരും സംസ്ഥാന എല്‍ഡിഎഫ് നേതൃത്വത്തിന് പരാതിയും നൽകി. ഇതിനിടെ മന്ത്രിയെ പിന്തുണച്ച് ജില്ലയിലെ സിപിഎമ്മും ഡെപ്യൂട്ടി സ്‌പീക്കറെ പിന്തുണച്ച് സിപിഐയും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സിപിഎം-സിപിഐ ജില്ല സെക്രട്ടറിമാർ പരസ്യമായി ആക്ഷേപങ്ങൾ ഉന്നയിച്ചതും വാർത്തയായി.
ഇതിനിടെ എന്റെ കേരളം പ്രദര്‍ശന മേളയുടെ സമാപനയോഗത്തിൽ ഡെപ്യൂട്ടി സ്‌പീക്കറും സിപിഐ ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ളവരും പങ്കെടുത്തിരുന്നില്ല. ഈ വിവാദങ്ങൾക്കിടയിലാണ് കൊടുമൺ സ്റ്റേഡിയത്തിന്‍റെ ഉദ്‌ഘാടനത്തിന് മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും ഒന്നിച്ചു വേദി പങ്കിട്ടത്.