പത്തനംതിട്ട : തിരുവല്ലയിൽ വിഷ പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തിരുവല്ല പെരിങ്ങര കൊച്ചാരിമുക്കം പാണാറയില്‍ അനീഷ് - ശാന്തികൃഷ്‌ണ ദമ്പതികളുടെ മകള്‍ അംജിത അനീഷാണ് (13) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച പുലർച്ചെ ആയിരുന്നു മരണം.
തിരുവല്ല എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അംജിത. മാര്‍ച്ച് ഒന്നിനാണ് അംജിതയ്ക്ക് പ്രാണിയുടെ കുത്തേറ്റത്. കൂട്ടുകാർക്കൊപ്പം വീടിനടുത്തുള്ള സ്ഥലത്ത് കളിക്കുന്നതിനിടെ ഈച്ച പോലുള്ള ഏതോ പ്രാണി കുത്തിയതായി അംജിത വീട്ടില്‍ പറഞ്ഞിരുന്നു. ചെവിക്ക് പിന്നിലായാണ് കുത്തേറ്റത്.