ആലപ്പുഴ :പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധി ഇല്ലെന്നും പദവിക്കാണ് ഈ പരിധിയെന്നും മുൻമന്ത്രി ജി സുധാകരൻ. പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധി വേണമെന്ന് ചിന്തിക്കുന്ന ചിലർ ആലപ്പുഴയിലുണ്ട്. നിങ്ങൾ അതൊന്ന് മനസിൽ വച്ചുകൊള്ളണം. എനിക്ക് ആ പ്രായപരിധി ആയിട്ടില്ലെന്നും മുൻമന്ത്രി ജി സുധാകരൻ ഹരിപ്പാട് ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ പറഞ്ഞു.
കമ്മിറ്റികളിൽ പ്രവർത്തിക്കാന്‍ മാത്രമേ പ്രായപരിധിയുള്ളൂ. താൻ എഴുതിക്കൊടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ ഒഴിവാക്കിയത്. പ്രശസ്‌ത പാർലമെന്‍റേറിയനും സിപിഎം നേതാവുമായിരുന്ന സിബിസി വാര്യരുടെ പത്താം ചരമ വാർഷികത്തിന്‍റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ മുൻമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിന് പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ജി സുധാകരൻ.
പാർട്ടിയിൽ മരിക്കുന്നതുവരെ പ്രവർത്തിക്കാം. സ്ഥാനം അലങ്കരിക്കാൻ മാത്രമാണ് പ്രായപരിധിയുള്ളത്. സ്ത്രീകൾക്ക് സ്ഥാനം നൽകണം. പക്ഷേ, പ്രവർത്തിക്കണം. പ്രവർത്തിക്കുന്ന പലർക്കും സ്ഥാനം കിട്ടിയിട്ടില്ല എന്നത് യാഥാർഥ്യമാണ്. മന്ത്രിയും എംഎൽഎയുമായി അറിയപ്പെട്ടാൽ ചിലർ ആത്മകഥയെഴുതും. അത് ആർക്കുവേണമെങ്കിലും എഴുതാം.
മന്ത്രിയും എംഎൽഎയും ആകുന്നതിന് മുന്‍പ് എന്ത് ചെയ്‌തുവെന്നതാണ് ചോദ്യം. മന്ത്രി സജി ചെറിയാനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സിഎസ് സുജാത, സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആർ നാസർ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.