പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നിന്ന് മൂന്ന് എംഎൽഎമാർ മത്സരത്തിനിറങ്ങിയെങ്കിലും അതിൽ ഒരാൾ വിജയിച്ചതോടെ കോന്നിയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. ആറന്മുള എംഎൽഎ വീണ ജോർജ്, അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ, കോന്നി എംഎൽഎ അടൂർ പ്രകാശ് തുടങ്ങിയവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ അടൂർ പ്രകാശ് മാത്രമാണ് വിജയിച്ചത്.
കോന്നി ഉപതെരഞ്ഞെടുപ്പ്; ചർച്ചകൾ സജീവം കോന്നി മണ്ഡലത്തിൽ തുടർച്ചയായി അഞ്ച് തവണ വിജയിച്ച ശേഷമാണ് അടൂർ പ്രകാശ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചത്. ലോക്സഭ അംഗമായി അടൂർ പ്രകാശ് പാർലമെന്‍റിലേക്ക് പോകുന്നതോടെ കോന്നിക്കാർക്ക് നഷ്ടമാകുന്നത് തുടർച്ചയായി ലഭിച്ചു കൊണ്ടിരുന്ന വികസന നേട്ടങ്ങളാണ്.
യുഡിഎഫ് അഞ്ചു തവണ തുടർച്ചയായി വിജയിച്ച മണ്ഡലത്തിൽ ഇത്തവണയും ഭൂരിപക്ഷം യുഡിഎഫിന് തന്നെയായിരുന്നു. എന്നാൽ പ്രചരണത്തിൽ എൽഡിഎഫും ബിജെപിയുമായിരുന്നു ഇവിടെ മുന്നിൽ നിന്നത്. ബിജെപിക്കും വോട്ട് കണക്കിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മൂന്നാം സ്ഥാനത്താണ് കെ സുരേന്ദ്രനെങ്കിലും രണ്ടാം സ്ഥാനത്തുള്ള വീണ ജോർജിനെക്കാൾ അഞ്ഞൂറിൽ താഴെ വോട്ടുകളുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.
അതേ സമയം കോന്നിയിൽ അടൂർ പ്രകാശിന് പകരം ആര് സ്ഥാനാർഥി ആകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐ ഗ്രൂപ്പിന് അവകാശപ്പെട്ട സീറ്റിൽ അടൂർ പ്രകാശിന് താൽപര്യമുള്ള ആളിനായിരിക്കും മുൻഗണന. ഈ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ മിന്നുന്ന പ്രകടനത്തിന്‍റെ പശ്ചാത്തലത്തിൽ ശക്തമായ സ്ഥാനാർഥിയെയാകും കോന്നി ഉപതിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഇറക്കുക.