പത്തനംതിട്ട: കോന്നി മണ്ഡലത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. കോന്നി ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി വോട്ടേഴ്‌സ് ലിസ്റ്റിൽ ക്രമക്കേട് നടത്തുന്നുവെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു.
കോന്നി ഉപതെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടെന്ന് അടൂർ പ്രകാശ് ഒരു വ്യക്തി ഒന്നിലധികം ഐഡി കാർഡുകൾ സംഘടിപ്പിച്ച് സ്വന്തം വോട്ടിങ്ങ് ബൂത്തിന് പുറമെ മറ്റ് ബൂത്തുകളിലും കൂടി പേര് ചേർക്കുന്നതായാണ് ആരോപണം. 10238 പേരാണ് ക്രമവിരുദ്ധമായി പട്ടികയിലുള്ളത്. കൂടാതെ, നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 12623 വോട്ടർമാരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. കോന്നിയിൽ മാത്രമല്ല ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പലയിടത്തും ഇതാണ് അവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി. എൻജിഒ യൂണിയന്‍റെ സഹായത്തോടെയാണ് ക്രമക്കേട്. പൊലീസുദ്യോഗസ്ഥരും ഇതിന് കൂട്ടു നിൽക്കുന്നുണ്ടെന്നും അടുർ പ്രകാശ് ആരോപിച്ചു.പാലായിൽ സംഭവിച്ചതും ഇതു തന്നെയാണെന്നും പാർലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷമാണ് വോട്ടർപ്പട്ടികയിലെ ഇരട്ടവോട്ട് കണ്ടുപിടിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെതിരെ, ജില്ലാ വരണാധികാരിക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകാനാണ് തീരുമാനമെന്നും അടൂർ പ്രകാശ് എം പി അറിയിച്ചു.