പത്തനംതിട്ട :വാഹനം കരാർ വ്യവസ്ഥയിൽ കൈക്കലാക്കിയ ശേഷം മറിച്ചുവിറ്റ് തട്ടിപ്പ് (Fraud By Selling Contracted Vehicle) നടത്തിയ കേസിൽ രണ്ടുപേരെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് കൊടുവള്ളി (Kozhikode Koduvally) സ്വദേശികളായ അബൂബക്കർ(55), നസീർ (43) എന്നിവരാണ് പിടിയിലായത്. കേസിൽ ഇവർ രണ്ടും മൂന്നും പ്രതികളാണ്. ഒന്നാം പ്രതി വയനാട് തിരുനെല്ലി സ്വദേശി അനീഷ് ശ്രീധരൻ ഒളിവിലാണ്.
വെച്ചൂച്ചിറ ലണ്ടൻ പടി സ്വദേശി സോനു ദിനേഷിന്‍റെ ഉടമസ്ഥതയിലുള്ള അശോക് ലെയ്‌ലാൻഡ് ഇനത്തിൽപ്പെട്ട ചരക്കുവാഹനം 2017 ജൂലൈ ഒൻപതിനാണ്, എട്ട് മാസക്കാലയളവിലേക്ക് കിലോമീറ്ററിന് 30 രൂപ നിരക്കിൽ പ്രതികൾ വാടകയ്‌ക്കെടുത്തത്. രണ്ട് തവണകളിലായി വാടകയിനത്തിൽ 30,000 രൂപ മാത്രമാണ് ഉടമസ്ഥന് നൽകിയത്.
കരാർ അനുസരിച്ചുള്ള ബാക്കി തുകയും വാഹനവും ഉടമസ്ഥന് തിരിച്ചുനൽകാതെ മേട്ടുപ്പാളയത്തുള്ള റിയാസ് എന്നയാൾക്ക് മറിച്ചുവിൽക്കുകയായിരുന്നു. സോനുവിൽ നിന്നും അനീഷ് വാഹനം കരാർ അടിസ്ഥാനത്തിൽ തരപ്പെടുത്തിയശേഷം രണ്ടും മൂന്നും പ്രതികൾക്ക് രണ്ടര ലക്ഷം രൂപക്ക് കൈമാറി. ശേഷം റിയാസിന് മൂന്ന് ലക്ഷത്തിന് വാഹനം മറിച്ച് വിറ്റതായി പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
റിയാസ് ഇത്തരത്തിൽ വണ്ടികൾ വാങ്ങി പൊളിച്ചോ മറിച്ചോ വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളെയും ഒളിവിൽ പോയ ഒന്നാം പ്രതി അനീഷിനെയും പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നസീറും അബൂബക്കറും ഈ റാക്കറ്റിലെ കണ്ണികൾ മാത്രമാണെന്ന് വ്യക്തമായിട്ടുണ്ട്.
പ്രതികൾ കുടുങ്ങിയത് സൈബർ സെല്ലിന്‍റെ സഹായത്തോടെ : ഇതുപോലെ എട്ടിലധികം വണ്ടികൾ മേട്ടുപ്പാളയത്ത് റാക്കറ്റിന് പൊളിച്ചു വിൽക്കാൻ കൈമാറിയതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. അനീഷിന്‍റെ ഫോൺ കോൾ വിശദാoശങ്ങൾ ജില്ല പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ ശേഖരിച്ചതിനെ തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. പത്തനംതിട്ട സൈബർ സെല്ലിന്‍റെ സഹായത്തോടെ അബൂബക്കറിനെ വൈത്തിരിയിൽ നിന്നും നസീറിനെ മലപ്പുറം പടിക്കൽ എന്ന സ്ഥലത്ത് നിന്നുമാണ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്.