പത്തനംതിട്ട: റാന്നിയിൽ ലഹരിമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി നാലുപേരെ റാന്നി പൊലീസ് അറസ്റ്റ് ചെയ്‌തു. എംഡിഎംഎയുമായി ആദ്യം പിടിയിലായ മൂന്നു യുവാക്കളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലാമൻ അറസ്റ്റിലായത്. ഡിവൈഎസ്‌പി മാത്യു ജോര്‍ജിന്‍റെ നേതൃത്വത്തില്‍ സംയുക്ത നീക്കത്തിലാണ് എംഡിഎംഎയുമായി മൂന്നുപേരെ പിടികൂടിയത്.
റാന്നി പഴവങ്ങാടി സ്വദേശി ബ്ലെസന്‍ കുര്യാക്കോസ് (23), മാമുക്ക് സ്വദേശി നോഹിന്‍ സജു (26), ചേത്തക്കല്‍ സ്വദേശി ബെന്‍ ബിജു എബ്രഹാം (28) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന എഴുമറ്റൂര്‍ സ്വദേശി സുബിനെ (27) പിടികൂടിയത്. ഇയാള്‍ വാടകയ്ക്ക് താമസിയ്ക്കുന്ന വീട്ടിലെ ബാഗില്‍ നിന്ന് മൂന്നു കിലോഗ്രാം കഞ്ചാവും 36 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.