പത്തനംതിട്ട: ശബരിമലയിൽ പുതുവത്സര പുലരിയിൽ നാല് ഭക്തർ ചേർന്ന് വഴിപാടായി അയ്യപ്പ സ്വാമിയ്ക്ക് 18,018 നെയ്തേങ്ങയിലെ നെയ്യഭിഷേകം ചെയ്‌തു (Four devotees offered 18018 Neyyabhishekam at Sabarimala). ബാംഗ്ലൂരിലെ വിഷ്‌ണു ശരൺ ഭട്ട്, ഉണ്ണികൃഷ്‌ണൻ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരുടെ വഴിപാടായാണ് നെയ്യഭിഷേകം നടത്തിയത്.
ഇന്ന് പുലർച്ചെ മൂന്നിന് നട തുറന്ന്, നിർമാല്യ ദർശനത്തിനും പതിവ് അഭിഷേകത്തിനും ശേഷമാണ് നെയ്യഭിഷേകം (Neyyabhishekam at Sabarimala) നടത്തിയത്. തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി പി എം മഹേഷ് നമ്പൂതിരിയാണ് അഭിഷേകം നടത്തിയത്. പുലർച്ചെ 3.30 മുതൽ 7 വരെയും, രാവിലെ 8 മുതൽ 11.30 വരേയുമാണ് നെയ്യഭിഷേകം നടന്നത്. രാവിലെ തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം നടന്നു.
അഭിഷേകത്തിനായി കൊണ്ടുവന്നത് 20,000 നെയ്തേങ്ങകൾ: 20,000 നെയ്തേങ്ങയാണ് വിഷ്‌ണു ശരൺ ഭട്ടും സുഹൃത്തുക്കളും ചേർന്ന് അഭിഷേകത്തിനായി ഒരുക്കിയത്. 2021 ജനുവരി ഒന്നിനും ഇവർ 18018 നെയ്തേങ്ങ കൊണ്ട് നെയ്യഭിഷേകം നടത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് (Thiruvithamkoor Devaswom Board) മുതൽക്കൂട്ടായി തുക നൽകിയിരുന്നു.
പമ്പഗണപതി കോവിലിൽ വച്ച് നെയതേങ്ങ നിറച്ച് ട്രാക്‌ടറിൽ സന്നിധാനത്തേക്ക് എത്തിക്കുകയായിരുന്നു. സന്നിധാനത്ത് വെച്ച് നെയ്‌ത്തേങ്ങ പൊട്ടിച്ച് പ്രത്യേകം പാത്രങ്ങളിലാക്കിയാണ് അഭിഷേകം ചെയ്‌തത്. ഇതിനു പുറമേ പുതുവത്സരത്തിൽ ഭക്തർക്ക് അന്നദാനമായി സദ്യയൊരുക്കി.