സംസ്ഥാനത്ത് പുതിയ 25 ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജു
പൊലീസ് സ്റ്റേഷന്‍ മാതൃകയില്‍ ഫോറസ്റ്റ് സ്റ്റേഷനുകളിലും മേഖലതിരിച്ച് വനം കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വനം, വന്യജീവി വിഭവങ്ങള്‍ പരിപാലിക്കുന്നതിനും വിപുലമായ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
പത്തനംതിട്ട: സംസ്ഥാനത്ത് പുതിയതായി 25 ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് വനം വകുപ്പു മന്ത്രി അഡ്വ കെ.രാജു പറഞ്ഞു. കരികുളം ഫോറസ്റ്റ് സ്റ്റേഷന്‍ മന്ദിരത്തിന്‍റെയും ജീവനക്കാര്‍ക്കുള്ള ഡോര്‍മറ്ററിയുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പൊലീസ് സ്റ്റേഷന്‍ മാതൃകയില്‍ ഫോറസ്റ്റ് സ്റ്റേഷനുകളിലും മേഖലതിരിച്ച് വനം കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വനം, വന്യജീവി വിഭവങ്ങള്‍ പരിപാലിക്കുന്നതിനും വിപുലമായ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊന്തന്‍പുഴ ഭൂമി പ്രശ്‌നത്തില്‍ 451 കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന്‍റെ പുതിയതായി നല്‍കപ്പെട്ട രേഖകള്‍ പരിശോധിക്കുവാനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു.