പത്തനംതിട്ട: ജില്ലയില്‍ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് മന്ത്രി അഡ്വ.കെ രാജു. നിലവില്‍ മഴയുടെ കാഠിന്യം കുറഞ്ഞതും നദികളിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരാത്തതും ആശങ്ക കുറച്ചിട്ടുണ്ട്. പന്തളത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വെള്ളപ്പൊക്കം നേരിടാന്‍ സജ്ജമെന്ന് മന്ത്രി കെ.രാജു - forest minister k raju
നിലവില്‍ മഴയുടെ കാഠിന്യം കുറഞ്ഞതും നദികളിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരാത്തതും വെള്ളപ്പൊക്ക ആശങ്ക കുറച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കനത്ത മഴ തുടര്‍ന്നാല്‍ ജലനിരപ്പ് നിയന്ത്രിക്കാനാണ് പമ്പ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നത്. തുടര്‍ന്ന് വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളിലെ വീടുകളില്‍ നിന്നും ക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പന്തളത്ത് പ്രളയമുണ്ടായ അനുഭവം മുന്‍നിര്‍ത്തി എം.എല്‍.എയും ജനപ്രതിനിധികളും ഒന്നിച്ച് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. പന്തളം മുടിയൂര്‍കോണം എം.റ്റി.എല്‍.പി.എസ്, മങ്ങാരം എം.എസ്.എം എല്‍.പി.എസ് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളാണ് മന്ത്രി സന്ദര്‍ശിച്ചത്. തുടര്‍ന്ന് പന്തളം ഐരാണിക്കുഴി ഷട്ടറും, പന്തളം എന്‍.എസ്.എസ് ഗേള്‍സ് എച്ച്.എസില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ച മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും മന്ത്രി സന്ദര്‍ശിച്ചു.