കേരളം

kerala

ETV Bharat / state

അച്ഛൻ അർജന്‍റീന ഫാൻ, മകൻ ബ്രസീലും ; വീടിനെ മാറ്റിവരച്ച ഫുട്ബോള്‍ ആവേശം - ഫുട്‌ബോള്‍ ഫാൻസ്

കോഴഞ്ചേരി പന്നിവേലിച്ചിറ ഗ്രാമത്തിലെ യേശുദാസ് സേവ്യറിന്‍റെ വീട്ടിലാണ് കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിന്‍റെ ആവേശച്ചൂട് നിറയുന്നത്.

football family in kozhanjeri  football fan story  brazil vs Argentina  ബ്രസീല്‍ അർജന്‍റീന  ഫുട്‌ബോള്‍ ഫാൻസ്  വീടിന് ജഴ്‌സിയുടെ നിറം
ഫുട്‌ബോള്‍

By

Published : Jul 10, 2021, 8:40 PM IST

Updated : Jul 10, 2021, 10:50 PM IST

പത്തനംതിട്ട : ഫുട്ബോൾ പ്രേമികളായ നാട്ടുകാരും ക്ലബ്ബുകാരുമൊക്കെ ഇഷ്ട ടീമുകളായ അർജന്‍റീനയ്ക്കും ബ്രസീലിനും വേണ്ടി ചേരി തിരിഞ്ഞ് പന്തയം വയ്ക്കുന്നതും കൂറ്റൻ ഫ്ളക്സുകളുയർത്തുന്നതുമൊക്കെ കണ്ടിട്ടുണ്ട്.

അച്ഛൻ അർജന്‍റീന ഫാൻ, മകൻ ബ്രസീലും; ഒരു ഹോം മാച്ചിന്‍റെ കഥ

എന്നാൽ ഫുട്ബോൾ പ്രേമികളായ അച്ഛനും മകനും ചേർന്ന് സ്വന്തം വീടിനെ അർജന്‍റീനയുടെയും ബ്രസീലിന്‍റെയും ജഴ്‌സിയുടെ നിറംപൂശി വേർതിരിച്ചിരിക്കുകയാണ് കോഴഞ്ചേരിയില്‍.

യേശുദാസിന്‍റെ ഇഷ്ട ടീം അര്‍ജന്‍റീന, ജോമോന്‍ ബ്രസീലിനൊപ്പം

പന്നിവേലിച്ചിറയിലെ യേശുദാസ് സേവ്യറിന്‍റെ വീട്ടിലാണ് കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിന്‍റെ ആവേശച്ചൂട് നിറയുന്നത്.

അച്ഛൻ യേശുദാസ് സേവ്യർ അർജന്‍റീനയുടെയും മകൻ ജോമോൻ ബ്രസീലിന്‍റെയും കട്ട ഫാനാണ്. കോപ്പ അമേരിക്ക ഫുട്ബോൾ മത്സരം ആരംഭിച്ചപ്പോൾ അർജന്‍റീനയോടുള്ള ആരാധനയിൽ മതിമറന്ന് സ്വന്തം വീടിന് ടീമിന്‍റെ ജഴ്‌സിയുടെ കളറടിക്കാൻ യേശുദാസ് തീരുമാനിച്ചു.

also read: കുട്ടികളുടെ ഡിങ്കൻ, ഡിങ്കോയിസ്റ്റുകളുടെ ഡിങ്ക ഭഗവാൻ; സൃഷ്ടാവ് ഇവിടെയുണ്ട്

വിവരമറിഞ്ഞ മകൻ ജോമോൻ അച്ഛന്‍റെ തീരുമാനത്തെ ഡിഫെൻഡ് ചെയ്തു. അവസാനം വീടിന്‍റെ പകുതി ഭാഗത്ത്‌ അർജന്‍റീന ടീമിന്റെയും മറുപകുതിയിൽ ബ്രസീൽ ടീമിന്‍റെ യും ജഴ്‌സികളുടെ നിറങ്ങള്‍ പൂശി.

പെയ്‌ന്‍ററായ യേശുദാസും പ്ലസ് ടു വിദ്യാഥിയായ മകനും ചേർന്നാണ് വീടിനെ അർജന്‍റീന - ബ്രസീൽ ഫാൻസ്‌ ക്ലബ്ബാക്കി മാറ്റിയത്. സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി.

പന്നിവേലിച്ചിറയെന്ന ഫുട്‌ബോള്‍ ഗ്രാമം

പതിറ്റാണ്ടുകളായി ഫുട്ബോൾ പ്രേമികളുടെ ഗ്രാമം എന്നാണ് പന്നിവേലിച്ചിറ അറിയപ്പെടുന്നത്. ഗ്രാമത്തിലെ മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് യേശുദാസ്.

അച്ഛനൊപ്പമാണ് മകൻ ജോമോനും പന്തുതട്ടി വളർന്നത്. അതുകൊണ്ടുതന്നെ യേശുദാസിനെയും മകൻ ജോമോനെയും പിന്തുണച്ച് നാട്ടുകാരും രണ്ട് ടീമായി തിരിഞ്ഞ് പന്തയങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്.

അച്ഛനും മകനും ഇടയിലെ റഫറിയുടെ റോളിൽ രണ്ടുപേർ കൂടി വീട്ടിലുണ്ട്. യേശുദാസിന്‍റെ ഭാര്യ പ്രേമയും മാതാവ് അമ്മിണിയും. ദുബായിലുള്ള മൂത്തമകൻ ജോജോ അനിയനൊപ്പം ബ്രസീൽ ഫാനാണ്.

ഫൈനലിൽ അർജന്‍റീന ജയിച്ചിരിക്കും മോനേ ജോമോനേയെന്ന് യേശുദാസ് പറയുമ്പോൾ നെയ്‌മറുടെ ചുണക്കുട്ടികൾ ട്രോഫിയുയർത്തുമപ്പായെന്ന് ജോമോൻ മറുപടി ഗോളടിക്കും.

കാൽപന്തുകളിയുടെ വീറും വാശിയുമെല്ലാം ഒരു കോണിൽ നിൽക്കുമ്പോഴും അവരെപ്പോഴും പ്രിയപ്പെട്ട അച്ഛനും മകനും തന്നെ.

Last Updated : Jul 10, 2021, 10:50 PM IST

ABOUT THE AUTHOR

...view details