പത്തനംതിട്ട: സന്നിധാനത്തും പരിസരത്തും പ്രവർത്തിക്കുന്ന ഹോട്ടലുകളിലും ജ്യൂസ് കടകളിലും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഭക്ഷ്യവസ്‌തുക്കൾ വൃത്തിയായും പരമാവധി ചെറിയ ചൂടോടു കൂടിയും നൽകാൻ നിർദേശം നൽകി. ഭക്ഷണ സാധനങ്ങൾ വിതരണം നടത്തുന്ന സ്റ്റീൽ പാത്രങ്ങൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നതിനും നിർദേശിച്ചു.
നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. സന്നിധാനത്തെ പരിശോധനകൾക്ക് ഫുഡ് സേഫ്റ്റി ഓഫിസർമാരായ ജോസ് ലോറൻസ്, സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
സംവിധാനത്തെ ഹോട്ടലുകളിൽ നിന്നും അന്നദാന മണ്ഡപങ്ങളിൽ നിന്നും മെസ്സുകളിൽ നിന്നും ഭക്ഷ്യവസ്‌തുക്കൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കി വരുന്നുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ സഞ്ചരിക്കുന്ന ലാബ് നിലയ്ക്കലിൽ പ്രവർത്തിച്ചുവരുന്നു. സഞ്ചരിക്കുന്ന ലാബിന്‍റെയും പത്തനംതിട്ട ജില്ല ലാബിന്‍റെയും സഹായത്താലാണ് ഭക്ഷ്യ വസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കി വരുന്നത്.
സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരുടെ സ്‌പെഷ്യൽ സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. പരിശോധനകൾ ശബരിമല മകരവിളക്ക് ഉത്സവം തീരുന്നതുവരെ തുടരുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: കൊവിഡ്: അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്‌നാട്