പത്തനംതിട്ട: വെള്ളപ്പൊക്കത്തെ തുടർന്ന് തിരുമൂലപുരത്ത് 249 വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് നിന്നും 388 പേരെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചു. ഇരുവെള്ളിപ്പറ സെന്‍റ് തോമസ് ഹയർ സെക്കന്‍ററി സ്‌കൂളിലെ ക്യാമ്പിൽ 267 പേരെയും ഗവ. എൽപി സ്‌കൂളിലെ ക്യാമ്പിൽ 121 പേരെയുമാണ് പാർപ്പിച്ചിരിക്കുന്നത്. അടുമ്പടം കോളനിയിലെ 140 വീടുകളിലും ഇടമനത്തറ കോളനിയിലെ 30 വീടുകളിലും പുളിക്കത്തറ കോളനിയിലെ 26 വീടുകളിലും ആറ്റുമാലി ഭാഗത്ത് 22 വീടുകളിലും മംഗലശേരി കോളനിയിലെ 23 വീടുകളിലുമാണ് വെള്ളം കയറിയത്.
പത്തനംതിട്ടയില്‍ വെള്ളപ്പൊക്കം; തിരുമൂലപുരത്ത് 388 പേരെ ക്യാമ്പുകളിലേക്ക് മാറ്റി - flood
തിരുമൂലപുരത്ത് 249 വീടുകളിൽ വെള്ളം കയറി. പെരിങ്ങരയില്‍ 68 കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
പ്രദേശത്തെ വീടുകളിൽ കുടുങ്ങിപ്പോയവരെ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിനായി യുവജന സംഘടനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാ കലക്ടർ പി.ബി നൂഹ് ശനിയാഴ്‌ച രാത്രി ദുരിതാശ്വാസ ക്യാമ്പുകളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
പെരിങ്ങര പഞ്ചായത്തിലെ 68 കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പെരിങ്ങര ഗവ. ഗേൾസ് ഹൈസ്‌കൂൾ, ഇടിഞ്ഞില്ലം എൽപി സ്‌കൂൾ, മേപ്രാൽ ഗവ.എൽപി സ്‌കൂള്‍, മേപ്രാൽ സെന്‍റ് ജോൺസ് എൽപി സ്‌കൂള്‍ എന്നിവിടങ്ങളിൽ ആരംഭിച്ച ക്യാമ്പുകളിലേക്കാണ് ആളുകളെ മാറ്റിയത്. ചാത്തങ്കരി എസ്എൻഡിപി ഹൈസ്‌കൂളില്‍ ക്യാമ്പ് ആരംഭിക്കുന്നതിന്‍റെ നടപടികൾ തുടങ്ങിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പുകള്‍ പ്രവർത്തിക്കുന്നതെന്നും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ കൂടുതൽ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ട അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മിനിമോൾ ജോസ് പറഞ്ഞു.