പത്തനംതിട്ട:ഇലന്തൂരില്‍ മധ്യവയസ്‌ക്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മയുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. ഇലന്തൂര്‍ സ്വദേശിനി ശാന്തികുമാരി, ഇലന്തൂര്‍ ചായപുന്നക്കല്‍ വീട്ടില്‍ രാഹുല്‍ കൃഷ്‌ണന്‍, ചായപുന്നക്കല്‍ വീട്ടില്‍ നൂര്‍ കരിം ഷേഖ്, മെഴുവേലി വെള്ളിക്കര വീട്ടില്‍ ജിത്ത് ജോണ്‍ ജോസഫ്, മെഴുവേലി ശ്രീകൃഷ്‌ണപുരം വീട്ടില്‍ ശിവവരദന്‍ എന്നിവരാണ് അറസ്റ്റിലായത്. വാര്യാപുരത്തെ ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനായ സുദര്‍ശനനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
വ്യാഴാഴ്‌ച(ജൂണ്‍ 9) വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വാര്യാപുരത്ത് സുദര്‍ശനന്‍ ജോലി ചെയ്യുന്ന ഫര്‍ണിച്ചര്‍ കടയ്‌ക്ക് അടുത്താണ് ശാന്തികുമാരി ഹോട്ടല്‍ നടത്തുന്നത്. ശാന്തികുമാരിയുടെ ഭര്‍ത്താവ് സുധീറിനെ സുദര്‍ശനന്‍ മദ്യപിക്കാന്‍ പ്രേരിപ്പിക്കുകയും മദ്യം നല്‍കുകയും ചെയ്‌തു. ഇതേ തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സുദര്‍ശനനുമായി ശാന്തികുമാരി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ആക്രമിക്കുകയും ചെയ്‌തിരുന്നു.