ഗര്‍ഭിണിയും കുടുംബവും കഴിയുന്നത് ഏറുമാടത്തില്‍ പത്തനംതിട്ട: വന്യ മൃഗങ്ങളെ ഭയന്ന് ഏറുമാടത്തിൽ കഴിഞ്ഞിരുന്ന ഗർഭിണിയായ യുവതി ആശുപത്രിയില്‍ കഴിയാന്‍ വിസമ്മതിച്ച് ഊരിലേക്ക് മടങ്ങി. സീതത്തോട് ളാഹ വനമേഖലയിലെ ആദിവാസി ഊരില്‍ കഴിയുന്ന പൊന്നമ്മയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കഴിയാന്‍ വിസമ്മതിച്ച് ഊരിലേക്ക് മടങ്ങിയത്. തങ്ങള്‍ക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് ഇല്ലെന്നും ആവശ്യം വന്നാല്‍ പിന്നീട് വരാമെന്നും അറിയിച്ചാണ് പൊന്നമ്മയും കുടുംബവും മടങ്ങിയത്.
വനത്തിൽ താമസിക്കുന്ന ഗർഭിണിയടങ്ങുന്ന കുടുംബത്തിന് വേണ്ട പരിചരണം ലഭിക്കുന്നിലെന്ന് വാർത്ത വന്നതിനെ തുടർന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഇടപെടുകയായിരുന്നു. ആരോഗ്യ വകുപ്പിനോടും ജില്ല വനിത ശിശു ക്ഷേമ വകുപ്പിനോടും പൊന്നമ്മയ്‌ക്ക് വേണ്ട സൗകര്യം ചെയ്‌ത് നല്‍കാന്‍ മന്ത്രി നിർദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്‌ച രാവിലെ തന്നെ വനിത ശിശുവികസന വകുപ്പ് അധികൃതരും ആരോഗ്യപ്രവർത്തകരും ഊരിലെത്തി.
എട്ടുമാസം ഗർഭിണിയായ പൊന്നമ്മയ്ക്ക് മതിയായ ശുശ്രൂഷ ഉറപ്പാക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവർ ആശുപത്രിയിൽ കഴിയാൻ വിസമ്മതിച്ചു. വനത്തിൽ താമസിക്കുമ്പോഴും ഏറുമാടത്തിൽ കയറുന്നതിലുമുള്ള ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൂറ്റന്‍ മരത്തിന് മുകളില്‍ ഏറുമാടം കെട്ടി താമസം: വന്യമൃഗങ്ങളെ ഭയന്ന് കൂറ്റന്‍ മരത്തിന് മുകളില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടത്തിലാണ് വര്‍ഷങ്ങളായി പൊന്നമ്മയും കുടുംബവും കഴിയുന്നത്. ഭര്‍ത്താവ് രാജേന്ദ്രനും കുട്ടികള്‍ക്കും ഒപ്പമാണ് പൊന്നമ്മയുടെ ഏറുമാട വാസം. വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ ഏറുമാടത്തിന് ചുറ്റും വേലി കെട്ടി നല്‍കണമെന്ന് പഞ്ചായത്ത് സമിതി ഭാരവാഹികളോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് വേലി കെട്ടി നല്‍കാമെന്ന് അറിയിച്ചതായി കുടുംബം പറഞ്ഞു.
ഇതിനിടെയാണ് വനത്തില്‍ ഏറുമാടത്തില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതി കഴിയുന്നു എന്നും ഇവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്നും വാര്‍ത്ത വന്നത്. തൊട്ട് പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം എത്തിയത്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്‌ച രാവിലെ 11 മണിയോടെ ജില്ല വനിത ശിശു വികസന ഓഫിസര്‍ യു അബ്‌ദുല്‍ ബാരി, വനിത സംരക്ഷണ ഓഫിസര്‍ എ നിസ, റാന്നി അഡിഷണല്‍ ശിശു വികസന പദ്ധതി ഓഫിസര്‍ സ്‌മിത, അങ്കണവാടി വര്‍ക്കര്‍ എന്നിവര്‍ സീതത്തോട് ളാഹ അതിര്‍ത്തിയിലുള്ള രാജേന്ദ്രന്‍റെയും പൊന്നമ്മയുടെയും താമസ സ്ഥലത്ത് എത്തി.
ഇവര്‍ക്കൊപ്പം എത്തിയ ആരോഗ്യ പ്രവര്‍ത്തകരും ട്രൈബല്‍ ഓഫിസറും ദമ്പതികളോട് വിവരങ്ങള്‍ അന്വേഷിച്ചു. ഗര്‍ഭകാലത്ത് വനത്തില്‍ താമസിക്കുന്നതിലും ഏറുമാടത്തില്‍ കയറുന്നതിലുമുള്ള ബുദ്ധിമുട്ടുകള്‍ ഇവര്‍ ദമ്പതികളെ പറഞ്ഞു മനസിലാക്കി. പൊന്നമ്മക്ക് വിളര്‍ച്ച രോഗമുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊന്നമ്മയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി എത്തിക്കുന്നതിനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു.
ചികിത്സയ്ക്കു ശേഷം പൊന്നമ്മയേയും മക്കളെയും സര്‍ക്കാര്‍ മഹിള മന്ദിരത്തില്‍ താമസിപ്പിക്കുന്നതിനാണ് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ചികിത്സയ്ക്കു ശേഷം വനത്തിലേക്ക് തന്നെ മടങ്ങണമെന്ന നിലപാടിലായിരുന്നു രാജേന്ദ്രന്‍. നാട്ടിലെ കാലാവസ്ഥ തങ്ങള്‍ക്കും മക്കള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് രാജേന്ദ്രന്‍ പറഞ്ഞു.
ഇവരുടെ ആവശ്യപ്രകാരം വ്യാഴാഴ്‌ച വൈകിട്ടോടെ റാന്നി ബ്ലോക്ക് പഞ്ചായത്തിന്‍റെ ആംബുലൻസിൽ ളാഹയില്‍ എത്തിച്ചു. പൊന്നമ്മയുടെ ഏഴാമത്തെ പ്രസവമാണിത്. ആദ്യ നാല് തവണയും കുട്ടികൾ മരിച്ചു. പിന്നീട് രണ്ട് പ്രസവത്തിലായി രണ്ടു കുട്ടികളുണ്ട്. മക്കളായ രാജമാണിക്യം (6), രാജമണി (4) എന്നിവരും ഇവർക്കൊപ്പം ഏറുമാടത്തിലാണ് കഴിയുന്നത്.