പത്തനംതിട്ട :ചെറുമരങ്ങള്‍, പലവിധ സസ്യങ്ങള്‍, മീനുകള്‍, മണ്‍പുറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരു കുഞ്ഞുജലാശയ ആവാസ വ്യവസ്ഥയൊരുക്കിയിരിക്കുകയാണ് പത്തനംതിട്ട സ്വദേശി കെ എസ് സൂര്യന്‍. ജപ്പാനിൽ നിന്നുള്ള അക്വാ സ്കേപ്പിങ് എന്ന സാങ്കേതിക വിദ്യയാണ് അടൂർ വെള്ളകുളങ്ങര കിടങ്ങിൽ വീട്ടിൽ കെ.എസ് സൂര്യന്‍ ഉപയോഗപ്പെടുത്തിയത്.
അക്വാ സ്കേപ്പിങ് ഒരുക്കി അടൂര്‍ സ്വദേശി കെ.എസ് സൂര്യന്‍ ഒറ്റനോട്ടത്തിൽ അക്വേറിയം പോലെ തോന്നിക്കുമെങ്കിലും തികച്ചും വ്യത്യസ്തവും സങ്കീർണവുമാണ് ഇതിന്‍റെ നിർമാണ രീതിയെന്ന് റെയിൽവേ കോൺട്രാക്ടിങ് വിഭാഗത്തിൽ എൻജിനിയറായി ജോലിചെയ്യുന്ന സൂര്യൻ പറയുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന മണ്ണും കല്ലും ജലാശയത്തിന്‍റെ അടിത്തട്ടില്‍ വളരുന്ന മരങ്ങളും സസ്യങ്ങളും പായലും തുടങ്ങി മത്സ്യങ്ങൾ വരെ തായ്‌ലൻഡ്, ഇൻഡോനീഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിച്ചവയാണ്.
അഞ്ചടി നീളത്തിലൊരു അക്വാ സ്‌കേപ്പ്
നിത്യഹരിത മഴക്കാടുകളെ ചില്ലുകൂട്ടിലേക്ക് പറിച്ചുനട്ടതുപോലെ തോന്നുന്ന അക്വാ സ്കേപ്പിങ് പല രീതിയിൽ ചെയ്യാനാകും. കാടിന്‍റെ മാതൃകയാണ് താൻ നിർമിച്ചിരിക്കുന്നതെന്നും സൂര്യൻ പറഞ്ഞു. കൃത്യമായ ആവാസ വ്യവസ്ഥ നിലനിർത്താൻ പ്രത്യേക തരം കൊഞ്ചുകൾ, ഒച്ചുകൾ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചടി നീളത്തിലാണ് അക്വാ സ്‌കേപ്പ് നിർമിച്ചിരിക്കുന്നത്.
ജലസസ്യങ്ങൾ, ജീവികൾ എന്നിവയുടെ വളർച്ചയ്ക്ക് സൂര്യപ്രകാശം ഉൾപ്പെടെ കൃത്രിമമായി സൃഷ്ടിച്ചിട്ടുണ്ട്. ചില്ലുകൂട്ടിലേക്ക് കാർബൺഡയോക്സൈഡ് കടത്തി വിടുന്നതിനൊപ്പം ഇതിനുള്ളിലെ ജലം ശുചീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിയ്ക്കുന്ന ഫിൽറ്ററുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രകാശ സംശ്ലേഷണത്തിനായി കൃത്യമായ അനുപാതത്തിൽ എൽ.ഇ.ഡി ബൾബുകൾ ഘടിപ്പിച്ച പാനൽ മുകളിൽ സ്ഥാപിച്ചിട്ടുണ്ട്. താപവ്യതിയാനം മനസിലാക്കാൻ തെർമോമീറ്ററുമുണ്ട്. സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ നിശ്ചിത ഇടവേളകളിൽ നൽകും. ഇദ്ദേഹത്തിന്‍റെ കുടുംബം അക്വ സ്കേപ്പിങ്ങിന്‍റെ ആസ്വാദനത്തിനൊപ്പം പരിപാലനത്തിലും ഒപ്പമുണ്ട്.
ALSO READ:പുതിയ സംസ്ഥാന കമ്മിറ്റിയുമായി 'ഹരിത' ; ആയിശ ബാനു സംസ്ഥാന പ്രസിഡന്‍റ്