പത്തനംതിട്ട: ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കോന്നി ഉപതെരഞ്ഞെടുപ്പ് വരണാധികാരി ഡെപ്യൂട്ടി കലക്‌ടര്‍ എം.ബി ഗിരീഷ്. ഭിന്നശേഷി വോട്ടര്‍മാര്‍ക്കുള്ള സൗകര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി കോന്നി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന താലൂക്ക് തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൂത്ത് തലത്തില്‍തന്നെ അംഗപരിമിതരെ കണ്ടെത്തി വോട്ട് ചെയ്യിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും.
ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും
ഭിന്നശേഷി വോട്ടര്‍മാര്‍ക്കുള്ള സൗകര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി കോന്നി താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു
ബൂത്ത് തലത്തിലുള്ള അംഗപരിമിതരുടെ വിവരങ്ങള്‍ അംഗനവാടി വര്‍ക്കര്‍മാരുടെ സഹായത്തോടെ ശേഖരിക്കും. ഇവര്‍ക്ക് ബൂത്ത് തലങ്ങളില്‍ വാഹനസൗകര്യം, വീല്‍ചെയര്‍, റാംപ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. റാംപ് സംവിധാനത്തിന് സൗകര്യമില്ലാത്ത ബൂത്തുകളില്‍ 12 ഡോളി സൗകര്യവും ഒരുക്കും. കാഴ്‌ചപരിമിതിയുള്ളവര്‍, സംസാര-ശ്രവണ വൈകല്യമുള്ളവര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, മറ്റു തരത്തില്‍ ഭിന്നശേഷിയുള്ളവർ എന്നിവരാണ് ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ബി.എല്‍.ഒമാരല്ലാത്ത അംഗന്‍വാടി ജീവനക്കാരുടെ ലിസ്റ്റ് സി.ഡി.പി.ഒമാര്‍ നോഡല്‍ ഓഫീസറിന് കൈമാറണം. അതിനായി കോന്നി താലൂക്കില്‍ നോഡല്‍ ഓഫീസറായി ഹെഡ് ക്ലാര്‍ക്ക് പി.സുനിലയെ നിയമിച്ചിട്ടുണ്ട്. കോന്നി തഹസില്‍ദാര്‍ കെ.എസ് നസിയ, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.ഗംഗാധരന്‍ തമ്പി , സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍, സി.ഡി.പി.ഒമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.