കേരളം

kerala

ETV Bharat / state

അടിയന്തരഘട്ട ദുരന്ത നിവാരണം; ശബരിമലയിൽ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകൾ തുറന്നു

പമ്പയിലും നിലയ്ക്കലും സന്നിധാനത്തുമാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകള്‍ ആരംഭിച്ചത്

ശബരിമല  Sbarimala  എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റർ  Emergency Operations Center  കെ രാജന്‍  ഡോ ദിവ്യ എസ് അയ്യർ  ശബരിമലയിൽ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകൾ  Emergency Operations Center in sabarimala
അടിയന്തരഘട്ട ദുരന്ത നിവാരണം; ശബരിമലയിൽ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകൾ തുറന്നു

By

Published : Nov 15, 2022, 10:09 AM IST

പത്തനംതിട്ട:മണ്ഡല, മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് അടിയന്തരഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പമ്പയിലും നിലയ്ക്കലും സന്നിധാനത്തും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകള്‍ (ഇ.ഒ.സി) റവന്യു മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്‌തു. പത്തനംതിട്ട ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ല കലക്‌ടറുമായ ഡോ ദിവ്യ എസ് അയ്യരാണ് അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

അടിയന്തരഘട്ട ദുരന്ത നിവാരണം; ശബരിമലയിൽ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകൾ തുറന്നു

തീര്‍ഥാടകര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍, തെറ്റായ വിവരങ്ങള്‍ തുടങ്ങിയവ വ്യാപിക്കാതിരിക്കുക, കൃത്യമായതും വിശകലനം ചെയ്യപ്പെട്ടതും പുനഃപരിശോധിക്കപ്പെട്ടതുമായ വിവരങ്ങള്‍ ക്രോഡീകരിച്ച് ആവശ്യമായ വേളകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുക എന്നിവയ്ക്കായാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍(ഇ.ഒ.സി) പ്രവര്‍ത്തിക്കുന്നത്.

പമ്പ, നിലയ്ക്കല്‍, സന്നിധാനം, പത്തനംതിട്ട കലക്‌ടറേറ്റ്, തിരുവനന്തപുരം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലെ കണ്‍ട്രോള്‍ റൂമുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍(ഇ.ഒ.സി) പ്രവര്‍ത്തനം ആരംഭിച്ചത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യമായ വിവിധങ്ങളായ ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കണ്‍ട്രോള്‍ റൂമുകളെ പരസ്‌പരം ബന്ധിപ്പിച്ചിട്ടുള്ളത്.

ഹോട്ട്‌ലൈന്‍ സംവിധാനം: കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടുവാനുള്ള കാലതാമസം ഒഴിവാക്കുന്നതിലേക്കായി ഇവയെ പരസ്‌പരം ബന്ധിപ്പിച്ചുകൊണ്ട് ഹോട്ട്‌ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ടും ശബരിമലയിലുള്ള ജനപ്രവാഹത്തിന്‍റെ വിവരങ്ങള്‍ ഈ കേന്ദ്രത്തില്‍ നിന്നും വിവിധങ്ങളായ ഓഫിസുകള്‍ക്കും പൊതുജനങ്ങള്‍ക്കും അറിയാം.

കൂടാതെ എല്ലാ വകുപ്പ് മേധാവികള്‍ക്കും ഓരോ മണിക്കൂര്‍ ഇടവിട്ട് ശബരിമലയിലേക്ക് വരുന്നവരുടെയും പോകുന്നവരുടെയും സന്നിധാനത്ത് തങ്ങുന്നവരുടെയും എണ്ണം സംബന്ധിച്ചുള്ള വിവരങ്ങളും തിരക്കിന്‍റെ തോതും അനുസരിച്ച് പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ മൂന്ന് തലത്തിലുള്ള അലര്‍ട്ട് നല്‍കും.

രേഖാമൂലമുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിലേക്കായി ഫാക്‌സ്, ഇന്‍റര്‍നെറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പ്രളയം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിങ്ങനെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായി ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതായാലും എല്ലാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വി.എച്ച്.എഫ് റേഡിയോ സംവിധാനം വഴി വിവരങ്ങൾ കൈമാറാം.

വിവരങ്ങൾ ഗ്രാഫുകളുടെ രൂപത്തിൽ: ഒരു അടിയന്തര സാഹചര്യമുണ്ടായാല്‍ ഒരു കേന്ദ്രത്തില്‍ നിന്നും വിളിച്ചറിയിക്കുന്ന സന്ദേശം ഒരേ സമയം തന്നെ മറ്റെല്ലാ നിലയങ്ങളിലും എത്തിച്ചേരും. തിരക്ക് സംബന്ധിച്ചുള്ള വിവരങ്ങള്‍ പമ്പ ഇ.ഒ.സിയില്‍ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തി ക്രോഡീകരിച്ച് നിലവിലെ സ്ഥിതി കാണിക്കുന്ന ഗ്രാഫുകളുടെ രൂപത്തില്‍ രേഖപ്പെടുത്തി വയ്ക്കും. ഇത് സ്ഥിതിഗതികളെ പെട്ടെന്ന് മനസിലാക്കുന്നതിന് സഹായിക്കും.

ശബരിമലയുമായി ബന്ധപ്പെട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസ്, പൊലീസ്, ഹെല്‍ത്ത്, റവന്യു, ദേവസ്വം തുടങ്ങി എല്ലാ ഓഫിസുകളുടെയും ഫോണ്‍ നമ്പറുകള്‍ അടങ്ങുന്ന റിസോഴ്‌സ് ഇന്‍വെന്‍ററി കണ്‍ട്രോള്‍ റൂമുകളിലും ഇഒസിയിലും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ ആംബുലന്‍സ് സര്‍വിസുകള്‍, ജെസിബി മുതലായ ഹെവി ഡ്യൂട്ടി സംവിധാനങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഇഒസിയില്‍ ശേഖരിച്ചിട്ടുണ്ട്.

ALSO READ:മണ്ഡലകാലം : ശബരിമല നട 16ന് വൈകിട്ട് തുറക്കും, പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും നടക്കും

ഏഴു പേര്‍ വീതമടങ്ങുന്ന മൂന്നു സംഘങ്ങളാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കലക്‌ടര്‍ ടി.ജി ഗോപകുമാര്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്‌മിനിസ്ട്രേറ്റര്‍ ഓഫിസര്‍ എ. അയ്യപ്പന്‍, ഹസാര്‍ഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

സാനിറ്റേഷന്‍ സൊസൈറ്റി:ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും മന്ത്രി കെ രാജൻ നിർവഹിച്ചു. ചടങ്ങിൽ വിശുദ്ധി സേനാംഗങ്ങൾക്കുള്ള യൂണിഫോമും, ശുചീകരണത്തിനുള്ള സാധനങ്ങളും മന്ത്രി കൈമാറി.

ABOUT THE AUTHOR

...view details