പത്തനംതിട്ട:അച്ചന്‍കോവിലാറില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തി. കഴിഞ്ഞ ദിവസം പെരിയാറില്‍ ആനയുടെ ജഡം കണ്ടെത്തിയതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം.
മഴക്കെടുതിയില്‍ വന്യമൃഗങ്ങളും; അച്ചന്‍കോവിലാറില്‍ കുട്ടിയാനയുടെ ജഡം - കനത്ത മഴ വാര്‍ത്ത
കനത്ത മഴയില്‍ കുത്തിയൊഴുകുന്ന പുഴയിലാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. അച്ചൻകോവിൽ വനമേഖലയിൽ നിന്നും ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് സംശയം. കഴിഞ്ഞ ദിവസം പെരിയാറിലും സമാന രീതിയില്‍ ആനയുടെ ജഡം കണ്ടെത്തിയിരുന്നു
പന്തളം വലിയപാലത്തിന്‍റെ തൂണിൽ തടിക്കും മുളംകൂട്ടത്തിനും മാലിന്യത്തിനുമൊപ്പം കുടുങ്ങിക്കിടന്ന ജഡം അഗ്നിരക്ഷാ സേനയും വനംവകുപ്പും പൊലീസും ചേർന്ന് കരക്കെത്തിച്ചു. റാന്നി റെയ്ഞ്ച് ഓഫീസിൽ നിന്നെത്തിയ വനപാലകരും അടൂർ ഫയര്‍ സ്റ്റേഷനിലെ സേനാംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. ജഡം ജില്ലാ മൃഗാശുപത്രിയിലെ പോസ്റ്റമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു.
എട്ടുമാസത്തോളം പ്രായമുള്ള കുട്ടി കൊമ്പന്‍റേതാണ് ജഡമെന്ന് വനപാലകർ പറഞ്ഞു. അച്ചൻകോവിൽ വനമേഖലയിൽ നിന്നും ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് സംശയം. രാവിലെ ഒൻപത് മണിയോടെ ആനയുടെ ജഡം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പാലത്തിന് സമീപം ജഡം കണ്ടെത്തിയത്.