കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ പതിനെട്ടാംപടി ആര് കയറും

രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട. ശബരിമല വിഷയം ഏറ്റവും കൂടുതൽ പ്രതിഫലിക്കാൻ സാധ്യത ഉള്ള മണ്ഡലമായതിനാൽ തന്നെ, ജയ-പരാജയങ്ങള്‍ വലിയ രാഷ്ട്രീയ ചർച്ചകള്‍ക്കാവും വഴിതെളിക്കുക.

പത്തനംതിട്ട ലോക്‌സഭ മണ്ഡലം

By

Published : Mar 28, 2019, 3:03 PM IST

വികസനവും , വികസന മുരടിപ്പുകളുമൊക്കെ ചർച്ചകളാണെങ്കിലും ശബരിമല തന്നെയാണ് മണ്ഡലത്തിലെ ഏറ്റവും പ്രധാന വിഷയം. അതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും ജയത്തിൽ കുറഞ്ഞതൊന്നും മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നില്ല.

പത്തനംതിട്ട ലോക്‌സഭ മണ്ഡലം

തിരഞ്ഞെടുപ്പിന് കച്ചകെട്ടി മുന്നണികൾ പോരിനിറങ്ങമ്പോള്‍ ഇറങ്ങുമ്പോൾ ആരു വീഴും ആര് വാഴും എന്നുള്ളത് കണ്ടു തന്നെ അറിയണമെങ്കിലും ഇക്കുറി മണ്ഡലം സാക്ഷിയാകുന്നത്ശക്തമായ ത്രികോണമത്സരത്തിനാണ്.

മണ്ഡല പുനഃക്രമീകരണത്തിനു ശേഷം യു.ഡി.എഫിനെ കൈവിടാത്ത പത്തനംതിട്ടയിൽ എന്നാൽ , ഇക്കുറി സി.പി.എമ്മും ബിജെപിയും ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. ശബരിമല വിഷയം ഏറ്റവും കൂടുതൽ പ്രതിഫലിക്കാൻ സാധ്യത ഉള്ളതിനാൽ തന്നെ രാഷ്ട്രീയ കേരളവും പത്തനംതിട്ടയിലെ ജയ പരാജയങ്ങളെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.

തിരുവല്ല, റാന്നി, അടൂർ , കോന്നി, ആറന്മുള, പൂഞ്ഞാർ, കാഞ്ഞിരപള്ളി എന്നീ മണ്ഡലങ്ങളും ചേർന്നതാണ് പത്തനംതിട്ട മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല, റാന്നി, അടൂർ, ആറൻമുള മണ്ഡലങ്ങൾ എല്‍ഡിഎഫിന് ഒപ്പം നിന്നപ്പോൾ കോന്നി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ യുഡിഎഫിനെ പിന്തുണച്ചു. ക്രിസ്ത്യൻ വിഭാഗത്തിന് വ്യക്തമായ മേധാവിത്വമുള്ള മണ്ഡലത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി അടക്കമുള്ള സാമുദായിക സംഘടനകള്‍ക്കും വേരോട്ടമുണ്ട്.

പത്തനംതിട്ട ലോക്‌സഭ മണ്ഡലം വോട്ട്നില 2014

കഴിഞ്ഞ രണ്ടു തവണ പത്തനംതിട്ടയിലെ വോട്ടർമാർ കൈവിടാത്ത ആന്‍റോ ആന്‍റണിക്ക് തന്നെയാണ് ഇക്കുറിയും മണ്ഡലം നിലനിർത്താനുള്ള ദൗത്യം കോൺഗ്രസ് നൽകിയിരിക്കുന്നത്.എന്നാൽ 2009ൽ ലഭിച്ച 1,11,206 വോട്ടുകളുടെ ഭൂരിപക്ഷം 2014 ൽ 56191 വോട്ടുകളായി കുറഞ്ഞത് മുന്നണിയ്ക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
358842 വോട്ട്കളാണ് 2014 ൽ യുഡിഎഫിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തായ എൽ.ഡി.എഫ് 302651 വോട്ടുകള്‍ നേടിയപ്പോള്‍, മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയ്ക്ക് ലഭിച്ചത് 138954 വോട്ടുകളാണ്.

മണ്ഡലത്തിൽ വിജയക്കൊടി പാറിക്കാൻ സിപിഎം ഇത്തവണ അവസരം നൽകിയിരിക്കുന്നത് ആറന്മുള എംഎൽഎ വീണ ജോർജിനാണ്. എംഎൽഎ എന്ന നിലയിൽ വീണ ജോർജിനുള്ള സ്വാധീനമാണ് എല്‍ഡിഎഫ് പരിഗണിച്ചത്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനാണ് എൻ.ഡി.എ സ്ഥാനാർഥിയായി പത്തനംതിട്ടയിലേക്ക് എത്തുന്നത്.കേരളത്തിൽ എൻഡിഎ വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട. പിഎസ് ശ്രീധരൻ പിള്ള, എം ടി രമേശ് , അൽഫോൻസ് കണ്ണന്താനം എന്നിവർ പത്തനംതിട്ടയ്ക്കായി ഉറച്ചു നിന്നെങ്കിലും കെ സുരേന്ദ്രനെ സ്ഥാനാർഥിയായി കേന്ദ്രനേതൃത്വം തീരുമാനിക്കുകയായിരുന്നു.


പത്തനംതിട്ട ലോക്‌സഭ മണ്ഡലം വോട്ട്നില 2014

ഇലക്ഷൻ കമീഷന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം1340193 വോട്ടർമാരാണ് പത്തനംതിട്ട മണ്ഡലത്തിലുള്ളത്. ഇതിൽ 641473 പുരുഷ വോട്ടർമാരും698718 സ്ത്രീ വോട്ടർമാരും 2 ട്രാൻസ്‌ജൻഡേഴ്‌സും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ വോട്ടർമാരും , ഏറ്റവും അധികം സ്ത്രീ വോട്ടർമാരും ഉള്ള മണ്ഡലവും പത്തനംതിട്ട തന്നെ. കണക്കുകളും , കണക്കുകൂട്ടലുകളുമായി മൂന്ന് മുന്നണികളും പത്തനംതിട്ടയിൽ അഭിമാന പോരാട്ടത്തിനിറങ്ങുമ്പോൾ സ്ത്രീ വോട്ടർമാർ ഏറ്റവും കൂടുതലുള്ള മണ്ഡലത്തിൽ ശബരിമല ഉള്‍പടെയുള്ള വിഷയങ്ങൾ എങ്ങനെ പ്രതിഫലിക്കുമെന്നത് തന്നെയാകും രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.


ABOUT THE AUTHOR

...view details