പത്തനംതിട്ട: നെല്‍കൃഷി വികസന രംഗത്ത് മുന്നേറ്റം നടത്തുന്നതിനും കരിമ്പ് കൃഷി പുനരാരംഭിക്കുന്നതിനുമായി നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതികളുടെ ഉദ്ഘാടനം ആന്‍റോ ആന്‍റണി എം.പി നിര്‍വഹിച്ചു. കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, നാരങ്ങാനം, ഓമല്ലൂര്‍, ചെന്നീര്‍ക്കര എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. കരിമ്പ് വികസ പദ്ധതി, കരിമ്പ് തലക്കം വിതരണം എന്നിവയുടെ ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എയും നെല്‍കര്‍ഷകരെ ആദരിക്കലിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവിയും നിര്‍വഹിച്ചു.
നെല്‍കൃഷി വികസന രംഗത്തെ മുന്നേറ്റത്തിനായി ജനകീയാസൂത്രണ പദ്ധതി
കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, നാരങ്ങാനം, ഓമല്ലൂര്‍, ചെന്നീര്‍ക്കര എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്
യോഗത്തില്‍ പത്ത് കിലോയോളം കൃഷിക്കാവശ്യമായ വിത്തിനങ്ങളുടെ കിറ്റും 1000 രൂപയുടെ ജൈവ വളം അടങ്ങുന്ന കിറ്റും വിതരണം ചെയ്‌തു. അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കില്‍ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 400 കര്‍ഷകര്‍ക്കുള്ള ഉല്‍പന്നങ്ങളാണ് വിതരണം ചെയ്‌തത്. ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളിലെ പത്തോളം കര്‍ഷകര്‍ കരിമ്പ് തലക്കം ഏറ്റ് വാങ്ങി. മധ്യതിരുവിതാംകൂറില്‍ നിലച്ചുപോയ കരിമ്പ് കൃഷി തിരികെ കൊണ്ടുവരാനായി പത്ത് കര്‍ഷകരാണ് ബ്ലോക്ക് പഞ്ചായത്തിന്‍റെ പിന്തുണയോടെ മുന്നോട്ട് വന്നത്. 2015ല്‍ 50 ഹെക്‌ടറില്‍ താഴെ നെല്‍കൃഷിയുണ്ടായിരുന്ന ഇലന്തൂര്‍ ബ്ലോക്കില്‍ 2019 ഡിസംബര്‍ 31 ആയപ്പോള്‍ 275 ഹെക്‌ടറായി വ്യാപിപ്പിച്ചു. ഇതിനായി 80 ലക്ഷം രൂപയുടെ പദ്ധതിയാണ് കഴിഞ്ഞ നാല് വര്‍ഷമായി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്.