പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ അയ്യപ്പ ഭക്തരുടെ തിരക്ക് മുൻകൂട്ടിക്കണ്ട് സന്നിധാനത്തും പാണ്ടിത്താവളത്തും ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ശബരിമല എഡിഎം അർജ്ജുന് പാണ്ഡ്യയുടെ അധ്യക്ഷതയിലാണ് സന്നിധാനത്ത് യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തിയത്.
സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായി സന്നിധാനത്തെ വ്യൂ പോയിന്റുകളില്‍ ബാരിക്കേഡ് സ്ഥാപിക്കും. ശൗചാലയങ്ങളുടെ സൗകര്യം വർധിപ്പിക്കും. ആരോഗ്യവിഭാഗം, ഫയർഫോഴ്സ്, എൻഡിആർഎഫ് എന്നിവരുടെ സേവനം പ്രധാനപ്പെട്ട വ്യൂപോയിന്റുകളില്‍ ഉറപ്പാക്കും. സന്നിധാനത്തിന് പുറമേയുള്ള വ്യൂ പോയിന്റുകളും കണ്ടെത്തി അവിടെ ഭക്തർക്ക് മകരജ്യോതി ദർശിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
മകരവിളക്ക് സമയത്ത് ജോലിക്ക് നിയോഗിക്കുന്ന പൊലീസിന്റെ പുതിയ ബാച്ച് ഒമ്പതാം തിയതി ചുമതലയേൽക്കും. 12ാം തിയതിയോടെ മകരവിളക്കിന് മുന്നോടിയായി എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കും. സുരക്ഷ ക്രമീകരണങ്ങൾക്കായി കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്ന് സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫിസർ ബി അജിത്ത് കുമാർ പറഞ്ഞു.