കേരളം

kerala

ETV Bharat / state

എഡ്യൂ-കെയര്‍ : 50 മൊബൈലുകള്‍ നല്‍കി ഒരു കുടുംബം

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കുകയും നെറ്റ്‌വര്‍ക്ക് കവറേജ് ലഭ്യമല്ലാത്ത പ്രദേശത്ത് ആ സേവനം ഒരുക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

edu care programme  online class news  ഓണ്‍ലൈൻ ക്ലാസ്  എഡ്യൂ-കെയര്‍ പദ്ധതി
എഡ്യൂ-കെയര്‍ പദ്ധതി

By

Published : Jun 7, 2021, 9:38 PM IST

പത്തനംതിട്ട : കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ,വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി നടപ്പാക്കിയ എഡ്യൂ-കെയര്‍ പദ്ധതിയിലേക്ക് 50 മൊബൈല്‍ ഫോണുകള്‍ നല്‍കി സീതത്തോട്ടിലെ കുടുംബം. മുള്ളാനില്‍ വീട്ടില്‍ പരേതരായ കുഞ്ഞച്ചന്‍റെയും മേരിക്കുട്ടിയുടെയും ഓര്‍മ്മയ്ക്കായി മക്കളായ രാജന്‍, റൂബി എന്നിവര്‍ ചേര്‍ന്നാണ് 50 ഫോണുകള്‍ നല്‍കിയത്.

ഫോണുകള്‍ സീതത്തോട് പഞ്ചായത്ത് ഓഫിസില്‍ എത്തിച്ച് മകന്‍ രാജനാണ് എംഎല്‍എയ്ക്ക് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്‍റ് ജോബി. ടി. ഈശോ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.എം. മനോജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.

കൈത്താങ്ങായി എഡ്യൂ കെയര്‍

നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ എഡ്യൂ കെയര്‍ - ഇ ലേണിംഗ് ചലഞ്ച് എന്ന പേരിലാണ് എംഎല്‍എ പദ്ധതി നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും നെറ്റ്‌വര്‍ക്ക് കവറേജ് ലഭ്യമല്ലാത്ത പ്രദേശത്ത് ആ സേവനവും ഒരുക്കുന്ന പദ്ധതിയാണിത്.

തല്‍പ്പരരായ ആര്‍ക്കും മൊബൈല്‍ ഫോണ്‍ വാങ്ങി നല്കാം. ഇങ്ങനെ ലഭിക്കുന്ന ഫോണുകള്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് എംഎല്‍എ എത്തിച്ച് നല്കും. പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്കുകയോ, ഒന്നിലധികം ഫോണുകളുള്ളവര്‍ക്ക് ഉപയോഗയോഗ്യമായ സ്മാര്‍ട്ട് ഫോണുകള്‍ നല്കുകയോ ചെയ്യാം. പദ്ധതിയിലേക്ക് പണം സ്വീകരിക്കുകയില്ല.

ആര്‍ക്കൊക്കെ ലഭിക്കും

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഉപകരണങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികളുടെ ലിസ്റ്റ് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍ എംഎല്‍എയ്ക്ക് രേഖാമൂലം നല്കിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കാണ് ഫോണ്‍ നല്കുന്നത്. മുഴുവന്‍ കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാകുന്നതോടെ ഓണ്‍ലൈന്‍ പഠന സൗകര്യം കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ കുട്ടികള്‍ക്കും ലഭിക്കും.

നെറ്റ്‌വര്‍ക്ക് കവറേജിന്‍റെ പ്രശ്നമുള്ളിടത്ത് അത് ലഭ്യമാക്കാനും നടപടി സ്വീകരിക്കുകയാണ്. ഇതിനായി സേവനദാതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കും. പദ്ധതിയുടെ ഭാഗമാകാന്‍ നിരവധി ആളുകള്‍ വിളിക്കുന്നുണ്ടെന്ന് കെ യു ജനീഷ് കുമാര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details