പത്തനംതിട്ട: പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചയാളുടെ വീട് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തെന്ന് ആരോപണം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെയും നേതൃത്വത്തിലാണ് വീട് ആക്രമിച്ചെന്നാണ് പരാതി. വീടിന്‍റെ പോർച്ചിലുണ്ടായിരുന്ന സ്‌കൂട്ടറുകളും അടിച്ചു നശിപ്പിച്ചിട്ടുണ്ട്. ഉടഞ്ഞു വീണ ജനാലയുടെ ചില്ല് തറഞ്ഞു കയറി ഏഴ് വയസുകാരന് പരിക്കേറ്റു. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം. കുറ്റൂർ പഞ്ചായത്ത് എട്ടാം വാർഡിൽ മുള്ളിപ്പാറയിൽ ചക്കശ്ശേരിയിൽ വീട്ടിൽ പികെ സുകുമാരന്‍റെ വീടും വാഹനങ്ങളുമാണ് അടിച്ചു തകർക്കപ്പെട്ടത്. സുകുമാരന്‍റെ കൊച്ചുമകൻ ശ്രാവണിനാണ് പരിക്കേറ്റത്.
ഡിവൈഎഫ്ഐ പ്രവർത്തകർ വീട് അടിച്ചു തകർത്തെന്ന് ആരോപണം - allegation aganist DYFI workers in pathanamthitta
വീടിന്‍റെ പോർച്ചിലുണ്ടായിരുന്ന സ്‌കൂട്ടറുകളും അടിച്ചു നശിപ്പിച്ചിട്ടുണ്ട്.
സുകുമാരന്‍റെ വസ്‌തുവിൽ മതിൽ കെട്ടുന്നതിനെതിരെ പ്രാദേശിക സിപിഎം നേതൃത്വം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് സുകുമാരൻ കോടതിയെ സമീപിച്ച് മതിൽ കെട്ടുന്നതിന് അനുകൂല വിധി സമ്പാദിച്ചു. രണ്ടാഴ്ച മുമ്പ് മതിൽ നിർമാണം ആരംഭിച്ചതോടെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാർ പറയുന്നത്. ഇതേ തുടർന്ന് ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് സുകുമാരൻ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസിന്‍റെ സാന്നിധ്യത്തിൽ കഴിഞ്ഞയാഴ്ച മതിൽ കെട്ടുകയായിരുന്നു. ഇതേ തുടർന്നാണ് സുകുമാരന്‍റെ വീട് അടിച്ചു തകർക്കപ്പെട്ടത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി സാബു, ലോക്കൽ കമ്മിറ്റിയംഗം മോഹൻ കുമാർ എന്നിവരടക്കം 15 പേരെ പ്രതിയാക്കി സുകുമാരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സുകുമാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി തിരുവല്ല സിഐ വിനോദ് പറഞ്ഞു. സുകുമാരന്‍റെ വീടിന് സമീപത്ത് നിന്നും 50 മീറ്റർ മാറി പ്രവർത്തിക്കുന്ന വികലാംഗനായ മട്ടയ്ക്കൽ രവീന്ദ്രന്‍റെ പെട്ടിക്കടയും തകർത്തിട്ടുണ്ട്.