പത്തനംതിട്ട: വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവും എംഡിഎംഎയും വൻ തോതിൽ സൂക്ഷിക്കുകയും വില്‍പന നടത്തുകയും ചെയ്‌തുവന്ന മൂന്നംഗസംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. പത്തനംതിട്ട മണ്ണാറമലയിലെ ഒറ്റപ്പെട്ട ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 100 കിലോയിലധികം കഞ്ചാവും അര കിലോയോളം എംഡിഎംഎയും പിടിച്ചെടുത്തു.
അടുത്തിടെ ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്. ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂട്ടിയത്. ഇത് ചെറിയ അളവിൽ വിറ്റാൽ ഒരു കോടിയില്‍ അധികം വിലവരുമെന്നാണ് പൊലീസ് പറയുന്നത്.
തിരുവല്ല സ്വദേശി ജോയൽ എസ് കുര്യൻ (27), പത്തനംതിട്ട ആനപ്പാറ സ്വദേശി സലിം (33), പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി ഉബൈദ് അമീർ (35) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട പൊലീസും, ജില്ല പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്‌തുക്കൾ കണ്ടെത്തിയത്. നർകോട്ടിക് സെൽ ഡിവൈഎസ്‌പി കെ എ വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് ദിവസങ്ങളായി ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ രഹസ്യനിരീക്ഷണത്തിന്‍റെ ഫലമായാണ് ഇവരെ പിടികൂടാൻ സാധിച്ചത്.
പിന്നില്‍ വനലോബി എന്ന സംശയം:കോയിപ്രം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നാല് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്‌തതിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് ഇപ്പോൾ ഇത്രയും വലിയ ലഹരിമരുന്ന് വേട്ട നടന്നിരിക്കുന്നത്. വീട്ടിനുള്ളിൽ നിന്നും പ്രതികളെ മൽപ്പിടിത്തത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇത്രയുമധികം കഞ്ചാവ് എത്തിച്ചതിനു പിന്നിൽ വൻലോബി തന്നെ ഉണ്ടാവുമെന്നാണ് നിഗമനം.
പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തുവരികയാണ് ജില്ലാ പൊലീസ് മേധാവിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ ജോസും സ്ഥലത്തെത്തിയിരുന്നു. പ്രതികൾ ഇവിടെ വൻ തോതിൽ ലഹരിവസ്‌തുക്കൾ ശേഖരിച്ച് ജില്ലയിലും സമീപജില്ലകളിലും വർഷങ്ങളായി മൊത്തക്കച്ചവടം ചെയ്‌തുവരികയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.