പത്തനംതിട്ട: ജില്ലയിൽ കഴിഞ്ഞ ഒന്നര വർഷമായി നദികളിലും തോടുകളിലും കനാലുകളിലും പാറക്കുളങ്ങളിലുമായി 50 ലധികം ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ ഒൻപത് വയസ്സുള്ള കുട്ടി മുതൽ 83 വയസ്സുള്ളവർ വരെ ഉൾപ്പെടുന്നു. 2019 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 14 പേർ മുങ്ങി മരിച്ചു. ഒടുവില്‍ വടശേരിക്കരയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ 18 കാരിയാണ് മുങ്ങി മരിച്ചത്.
എട്ട് മാസങ്ങൾക്ക് മുമ്പ് റാന്നിയിൽ പമ്പയാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ടതിനേത്തുടർന്ന് അഞ്ച് ദിവസത്തോളം ഫയർഫോഴ്സ് യൂണിറ്റ് തെരച്ചിൽ നടത്തിയിട്ടും ഒരു വിവരവും ലഭിച്ചിരുന്നില്ല. യുവാവിന്‍റെ മൃതദേഹം പോലും വീട്ടുകാർക്ക് ലഭിച്ചില്ല. ജില്ലയുടെ പല ഭാഗങ്ങളിലും നദിക്കരകളില്‍ സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. മാത്രവുമല്ല അധികൃതരുടെ ഭാഗത്ത് നിന്നുള്ള സുരക്ഷ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നും നാട്ടുകാർ പറയുന്നു.