പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡ്രോൺ നിരീക്ഷണം - തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷൻ
ആയിരം അടി ഉയരത്തിൽ പറന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള ദൃശ്യങ്ങൾ വരെ ശേഖരിക്കാൻ സാധിക്കുന്ന ഡ്രോണാണ് നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്.
പത്തനംതിട്ട: ലോക്ക് ഡൗണിന്‍റെ ഭാഗമായി സംസ്ഥാന തലത്തിൽ പൊലീസ് സേന നടത്തുന്ന ഡ്രോൺ നിരീക്ഷണത്തിന് തിരുവല്ല താലൂക്കിലെ പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടക്കമായി. ആയിരം അടി ഉയരത്തിൽ പറന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള ദൃശ്യങ്ങൾ ശേഖരിക്കാൻ സാധിക്കുന്ന ഡ്രോണാണ് നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഉൾപ്രദേശങ്ങളിലടക്കം കൂട്ടം കൂടുന്ന ആളുകളെ കണ്ടെത്തുക, വ്യാജ വാറ്റ് കേന്ദ്രങ്ങളും കോട കലക്കി സൂക്ഷിക്കുന്ന രഹസ്യ താവളങ്ങളും സംബന്ധിച്ച ദൃശ്യങ്ങൾ ശേഖരിക്കുക, ചീട്ടുകളി സംഘങ്ങളെ കണ്ടെത്തുക തുടങ്ങിയവയാണ് നീരീക്ഷണത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. പരുമല പനച്ചിമൂട് , കൈയ്യാത്ര, തിക്കപ്പുഴ, പൊടിയാടി, ഉണ്ടപ്ലാവ് ഭാഗങ്ങളിലാണ് വ്യാഴാഴ്ച ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തിയത്. പുളിക്കീഴ് സിഐ ടി രാജപ്പന്‍റെ നേതൃത്വത്തിലാണ് നിരീക്ഷണം. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതായ ദൃശ്യങ്ങൾ ലഭിച്ച പ്രദേശങ്ങളിൽ പൊലീസ് പെട്രോളിങ് ശക്തമാക്കിയതായും വരും ദിവസങ്ങളിലും നിരീക്ഷണം തുടരുമെന്നും സി ഐ അറിയിച്ചു.