പത്തനംതിട്ട: കൊവിഡ് കാലത്തെ ലോക്ക് ഡൗൺ മനുഷ്യന്‍റെ ജീവിത ശൈലിയെ പഴയ കാലഘട്ടത്തിലേക്ക് കൊണ്ടുപോയെന്ന് ഡോ. വിജയകുമാർ. ഇത് ജീവിത ശൈലീരോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിച്ചെന്നും കേരളത്തിലെ പ്രമേഹ വിദഗ്‌ധരിൽ ഒരാളായ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രി എംഡി ഡോ. ജി. വിജയകുമാർ പറഞ്ഞു.
കൊവിഡിനൊപ്പം ജീവിത ശൈലീരോഗങ്ങളെയും അകറ്റാൻ സാധിക്കണം - ഡോ. ജി. വിജയകുമാർ
നമ്മുടെ സംസ്‌കാരത്തിനും ശരീരത്തിനും അനുയോജ്യമായി ജീവിത ശൈലി മെച്ചപ്പെടുത്തി കൊവിഡിനൊപ്പം ജീവിത ശൈലീ രോഗങ്ങളെക്കൂടി ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ പടിക്ക് പുറത്ത് നിർത്താൻ ആഹ്വാനം ചെയ്യുന്നതാണ് ഡോ. ജി. വിജയകുമാറിൻ്റെ ഡോക്‌ടേഴ്‌സ് ദിന സന്ദേശം.
ഹോട്ടലുകളും മറ്റും ഒരു പരിധിവരെ അടഞ്ഞ് കിടന്നത് കേരളത്തിൽ അടുത്തിടെ ക്രമാതീതമായി ശീലിച്ച ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തെ മാറ്റിമറിച്ചു. എല്ലാവരും വീടുകളിൽ കഴിയേണ്ടി വന്നപ്പോൾ വീടുകളിൽ കൃഷി ചെയ്യേണ്ടി വന്നതും വിഷ രഹിത ഭക്ഷണം സ്വയം തയ്യാറാക്കി കഴിച്ചതും രോഗങ്ങളെ ഒരു പരിധി വരെ അകറ്റി. നഗരങ്ങളിലും നാട്ടിൻ പുറങ്ങളിലും പ്രമേഹരോഗികൾ അടക്കമുള്ളവർ നേരത്തെ വ്യായമത്തിനായി റോഡുകളിലൂടെ നടന്നത് ഈ കാലഘട്ടത്തിൽ ഇല്ലാതയായപ്പോൾ അവർ വീടുകളിൽ ചെറിയ കാർഷിക വൃത്തികളിൽ ഏർപ്പെട്ടു. അത് നമ്മുടെ കാർഷിക സംസ്‌കാരത്തെയും ഉണർത്തി. ഒപ്പം നമ്മുടെ ശരീരം ആവശ്യപ്പെടുന്ന ചെറു വ്യായാമങ്ങളും ലഭിച്ചു. ഇത് കൊവിഡ് രോഗം ബാധിക്കാൻ സാധ്യതയുള്ള പ്രമേഹരോഗികൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്നതായി ഡോ. ജി. വിജയകുമാർ പറയുന്നു.
സ്വാതന്ത്ര്യ സമരസേനാനിയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ഡോ. ബി.സി റോയിയുടെ ജന്മദിനമായ ജൂലൈ ഒന്നാണ് ഡോക്‌ടേഴ്‌സ് ദിനം. നമ്മുടെ സംസ്‌കാരത്തിനും ശരീരത്തിനും അനുയോജ്യമായി ജീവിത ശൈലി മെച്ചപ്പെടുത്തി കൊവിഡിനൊപ്പം ജീവിത ശൈലീ രോഗങ്ങളെക്കൂടി ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ പടിക്ക് പുറത്ത് നിർത്താൻ ആഹ്വാനം ചെയ്യുന്നതാണ് ഡോ. ജി. വിജയകുമാറിൻ്റെ ഡോക്‌ടേഴ്‌സ് ദിന സന്ദേശം.