പത്തനംതിട്ട :സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും സ്ത്രീധത്തിന്‍റെ പേരിലുള്ള പീഡനങ്ങളും മരണങ്ങളും കേരളത്തിൽ ഇപ്പോഴും തുടരുകയാണ്. സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനം മൂലം കൊല്ലത്ത് വിസ്‌മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്‌തതും ഏറെ നടുക്കം സൃഷ്‌ടിച്ചിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാറ്റം എവിടെയാണ് വേണ്ടത്? നിയമങ്ങൾ എന്തുകൊണ്ട് നടപ്പിലാകുന്നില്ല? വനിതാ കമ്മീഷൻ പോലുള്ളവയുടെ പ്രവർത്തനം കാര്യക്ഷമമല്ലേ? മാറ്റത്തിന് തുടക്കം കുറിക്കേണ്ടത് കുടുംബങ്ങളിൽ നിന്നോ? ഇത്തരത്തിൽ ചോദ്യങ്ങളുടെ നിര നീളുമ്പോൾ പ്രതികരണവുമായി പല സ്ത്രീകളും രംഗത്ത് വരികയാണ്.
'സ്ത്രീധന മരണങ്ങൾ വർധിക്കുന്നു': മാറ്റം വരേണ്ടത് എവിടെ? നിയമവ്യവസ്ഥയിൽ പൊളിച്ചെഴുത്ത് അനിവാര്യം: ഡോ. എം എസ് സുനിൽ
നമ്മുടെ നിയമ വ്യവസ്ഥയിലെ പാളിച്ചകൾ തന്നെയാണ് ഇതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നെന്നും വനിതാ കമ്മീഷൻ പോലുള്ള സംഘടനകൾ ഉണർന്നു പ്രവർത്തിക്കേണ്ട കാലമാണിതെന്നും കേന്ദ്ര നാരീശക്തി അവാർഡ് ജേതാവും സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ ഡോ. എം എസ് സുനിൽ പറഞ്ഞു.
സ്ത്രീധനത്തിന്‍റെ പേരിലും ഗാർഹിക പീഡനങ്ങളിലും പെൺകുട്ടികളുടെ ജീവൻ നഷ്‌ടമായ ശേഷമല്ല നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഉപയോഗിക്കേണ്ടത്. അവരുടെ ജീവൻ രക്ഷിക്കാനാകണം നിയമങ്ങളെന്നും സ്ത്രീധന വിഷയത്തിൽ മാതാപിതാക്കളുടെ മനോഭാവം മാറേണ്ട കാലം കഴിഞ്ഞെന്നും സുനിൽ ടീച്ചർ വ്യക്തമാക്കി.
മക്കളെ ചേർത്തു നിർത്തേണ്ടത് മാതാപിതാക്കൾ: ദിവ്യാ റെജി മുഹമ്മദ്
സ്‌ത്രീധന മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ എങ്ങനെ പെരുമാറണമെന്ന നിർദേശവുമായി അടൂർ നഗരസഭാ വൈസ് ചെയർ പേഴ്‌സണും അധ്യാപികയുമായ ദിവ്യാ റെജി മുഹമ്മദ്. വീട്ടിലേക്കു കയറിവരുന്ന പെൺകുട്ടികൾ സ്വന്തം മകളാണെന്ന ചിന്തയോടെ ഓരോ മാതാപിതാക്കളും അവരെ സ്വീകരിച്ചാൽ തന്നെ വലിയൊരു മാറ്റത്തിന് തുടക്കമാകുമെന്ന് ദിവ്യ അഭിപ്രായപ്പെട്ടു.
സ്ത്രീധന സമ്പ്രദായം വേണ്ട: പ്രീത രഞ്ജിത്
സ്ത്രീധനത്തിന്‍റെ പേരിൽ ഇല്ലാതാക്കാനുള്ളതല്ല പെൺകുട്ടികളുടെ ജീവൻ. മക്കൾ വിവാഹിതരാകുമ്പോൾ സ്ത്രീധനം നൽകില്ലെന്നും വാങ്ങില്ലെന്നും മാതാപിതാക്കൾ തീരുമാനമെടുക്കണമെന്നും മാറ്റം അവിടെ നിന്നും തുടങ്ങണമെന്നും ആരോഗ്യ പ്രവർത്തക പ്രീത രഞ്ജിത് പറഞ്ഞു.