പത്തനംതിട്ട: മഴ തുടങ്ങിയതോടെ ജില്ലയുടെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി കണ്ടുതുടങ്ങിയിട്ടുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ അറിയിച്ചു. റാന്നി ബ്ലോക്ക്, ആറന്മുള, കോന്നി, ഇലന്തൂര്‍, കുറ്റൂര്‍ പഞ്ചായത്തുകള്‍, പത്തനംതിട്ട മുനിസിപ്പാലിറ്റി തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത ഇവിടങ്ങളില്‍ കൂടുതലാണ്. ജില്ലാ സര്‍വെയിലന്‍സ് ഓഫീസര്‍ ഇവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വീട്ടിനുള്ളില്‍ കൂടുതലായി ഈഡിസ് കൊതുകുകള്‍ പെരുകുന്ന സാഹചര്യം കണ്ടെത്തിയിട്ടുണ്ട്.
ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാ നിർദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ - പത്തനംതിട്ട വാർത്ത
പനി ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കണം.
ഫ്രിഡ്‌ജിന്‍റെ അടിഭാഗത്ത് വെള്ളം ശേഖരിക്കപ്പെടുന്ന ട്രേയിലാണ് പ്രധാനമായും കൊതുക് പെരുകുന്നത്. കുടിവെള്ളം ശേഖരിച്ച് വച്ചിരിക്കുന്ന പാത്രങ്ങളിലും കൂത്താടികള്‍ കൂടുതലായി കാണപ്പെട്ടു. വീടിനുള്ളിലും പരിസരത്തും കൊതുക് പെരുകുന്ന സാഹചര്യം കണ്ടെത്തി അടിയന്തരമായി അവ ഒഴിവാക്കണം. ഫ്രിഡ്‌ജിന്‍റെ അടിയിലെ ട്രേ, ചെടിച്ചെട്ടികള്‍ക്ക് താഴെ വെള്ളം ശേഖരിക്കാന്‍ വച്ചിരിക്കുന്ന പാത്രം എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്ത് കൂത്താടി ഇല്ല എന്ന് ഉറപ്പാക്കണം. വെള്ളം ശേഖരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍ കൊതുക് കടക്കാത്തവിധം അടച്ച് സൂക്ഷിക്കണം.
ആഴ്ചയിലൊരിക്കല്‍ ഈ പാത്രങ്ങളുടെ ഉള്‍വശം ഉരച്ച് കഴുകി കൊതുകിന്റെ മുട്ടകള്‍ പറ്റിപ്പിടിച്ചിരിക്കുന്നില്ല എന്ന് ഉറപ്പാക്കണം.
വീടിന്‍റെ ടെറസ്, സണ്‍ഷെയ്ഡ് തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൂത്താടി വളരാനുള്ള സാഹചര്യം ഒഴിവാക്കണം. വീടിന്‍റെ പരിസരത്ത് മഴവെള്ളം ശേഖരിക്കപ്പെടാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും കണ്ടെത്തണം. ഇവ മഴവെള്ളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ കത്തിച്ചു കളയുകയോ, കുഴിച്ചിടുകയോ ചെയ്യണം. പനി ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.