പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തര്‍ അയ്യപ്പന് കാണിക്കയായി വ്യത്യസ്‌ത വസ്‌തുക്കള്‍ കൊണ്ടു വരാറുണ്ട്. മണ്ഡല കാലത്ത് ഇത്തരത്തിലുള്ള നിരവധി കാഴ്‌ചകള്‍ കാണാന്‍ കഴിയും. എന്നാല്‍ ഇത്തവണത്തെ മണ്ഡല മഹോത്സവത്തിനിടെ വ്യത്യസ്‌തമായൊരു കാണിക്ക അയപ്പന് സമര്‍പ്പിച്ചിരിക്കുകയാണ് ഒരു ഭക്തന്‍.
കൊടുങ്ങല്ലൂരില്‍ നിന്നും എത്തിയ വേലായി സ്വാമിയാണ് അയ്യപ്പന് കാണിക്കയായി ജമ്‌നപ്യാരി ഇനത്തില്‍പ്പെട്ട ആടിനെ നല്‍കിയത്. ശബരിമലയിലേക്കുള്ള കാനന പാത താണ്ടിയെത്തിയ വേലായി സ്വാമിയും ആടുമായിരുന്നു ഇക്കൊലത്തെ ശബരിമലയില്‍ നിന്നുള്ള വേറിട്ട കാഴ്‌ച. പതിനെട്ടാം പടിയ്‌ക്ക് താഴെ ആടിനെ കെട്ടിയാണ് വേലായി അയ്യപ്പ ദര്‍ശനത്തിന് പോയത്.
ദര്‍ശനം കഴിഞ്ഞ് വേലായി തിരിച്ചെത്തും വരെ ആട് സംയമനം പാലിച്ച് കാത്ത് നിന്നു. അയ്യപ്പന് കാണിക്കയായി സമര്‍പ്പിച്ച ആടിനെ പിന്നീട് ഗോശാലയില്‍ നിന്നും ചുമതലക്കാരെത്തി കൂട്ടികൊണ്ടു പോയി.
ശബരിമലയിലെ ഭക്തജന തിരക്ക്: മണ്ഡകാലാരംഭം മുതല്‍ ശബരമലയിലേക്കെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്‌ത 51,308 പേരില്‍ ഇന്ന് (നവംബര്‍ 29) സന്നിധാനത്തെത്തിയത് 18,308 പേരാണ്. പുലര്‍ച്ചെ 3 മണിക്കാണ് ശബരിമല നട തുറന്നത്.