പത്തനംതിട്ട : ശബരിമല ദർശനത്തിനായി കാനനപാതയിലൂടെ ഇന്നലെ വരെയെത്തിയത് ഒരുലക്ഷത്തിലേറെപ്പേർ (Devotees to Sabarimala through Kanana patha). ഈ മണ്ഡലകാലത്ത് ഡിസംബർ 21 വരെ കാനന പാതയായ അഴുതക്കടവുവഴിയും സത്രം പുല്ലുമേട് വഴിയും 1,06,468 പേരാണ് അയ്യപ്പദർശനത്തിന് ശബരിമല സന്നിധാനത്ത് എത്തിയത്. ഡിസംബർ 20വരെ പരമ്പരാഗത കാനനപാതയായ അഴുതക്കടവ് വഴി 55,366 തീർഥാടകരാണ് സന്നിധാനത്തേക്ക് എത്തിയത്.
സത്രം പുല്ലുമേട് വഴി 45,223 തീർഥാടകരുമെത്തി. ഡിസംബർ 21ന് അഴുതക്കടവ് വഴി 3042 തീർഥാടകരും സത്രം വഴി 2837 തീർഥാടകരും സന്നിധാനത്തേക്ക് എത്തി. കാനനപാതയിലൂടെ എത്തുന്ന അയ്യപ്പതീർഥാടകരുടെ സുരക്ഷയ്ക്ക് വലിയ ക്രമീകരണങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. ഉച്ച കഴിഞ്ഞ് 3.20 വരെയാണ് അഴുതക്കടവിലൂടെ തീർഥാടകരെ കടത്തിവിടുന്നത്. പുല്ലുമേട്ടിൽ ഉച്ചകഴിഞ്ഞ് 2.50 വരെയും. തീർഥാടകർ പോകുന്നതിനുമുമ്പായി കാനനപാത വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. ഇതുവഴി പോകുന്നവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തി മുഴുവൻ പേരും സന്നിധാനത്ത് എത്തിയെന്നും ഉറപ്പാക്കുന്നുണ്ട്.
വന്യ മൃഗശല്യം ചെറുക്കുന്നതിനായി സൗരവേലി ഒരുക്കിയിട്ടുണ്ട്. രാത്രി നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.
അഴുതക്കടവ് വഴിയുള്ള പാതയിൽ 45 വനംവകുപ്പ് ജീവനക്കാർ, 25 ബീറ്റ്‌ഫോറസ്റ്റ് ഉദ്യോഗസ്ഥർ, 45 പേരടങ്ങുന്ന എലിഫന്‍റ് സ്‌ക്വാഡ് എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. സത്രം പാതയിൽ വനം വകുപ്പിന്‍റെ 35 ജീവനക്കാർ, 25 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ, 30 പേരടങ്ങുന്ന എലിഫന്‍റ് സ്‌ക്വാഡ് എന്നിവരേയും നിയോഗിച്ചിട്ടുണ്ട്.
ചികിത്സ തേടിയത് 45105 പേർ :ശരണവഴിയിൽ കരുതലൊരുക്കിയ ആരോഗ്യവകുപ്പിന്‍റെ കൃത്യസമയത്തെ ഇടപെടലിലൂടെ ഈ മണ്ഡലകാലത്ത് രക്ഷിക്കാനായത് വിലപ്പെട്ട 76 ജീവനുകള്‍. പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തിലേയ്ക്കുള്ള വഴിയിൽ അടിയന്തരഘട്ടങ്ങളിൽ സേവനത്തിന് ഒരുക്കിയിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഗൂർഖ വാഹനത്തിലുള്ള ആംബുലൻസ് സംവിധാനം ഉപയോഗിച്ചാണ് 76 പേർക്ക് കൃത്യസമയത്ത് അടിയന്തരചികിത്സ നൽകിയത്.