അയ്യായിരത്തോളം പേർക്ക് അന്നദാനമൊരുക്കി ദേവസ്വം ബോർഡ് - ദേവസ്വം ബോർഡ്
ദിവസവും രാവിലെ 7 മുതല്‍ രാത്രി 10.30 വരെയാണ് അന്നദാനം നടക്കുന്നത്. എല്ലാ ദിവസവും അയ്യായിരം തീര്‍ഥാടകര്‍ക്ക് അന്നദാനം നല്‍കി വരുന്നു

ശബരിമല:മണ്ഡല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡിന്‍റെ നേത്യത്വത്തില്‍ എല്ലാ ദിവസവും അയ്യായിരം തീര്‍ഥാടകര്‍ക്ക് അന്നദാനം നല്‍കി വരുന്നതായി നിലയ്ക്കല്‍ ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ ഓഫീസര്‍ സതീഷ് കുമാര്‍ പറഞ്ഞു. നിലയ്ക്കല്‍ മഹാദേവ ക്ഷേത്ര പരിസരത്തെ വിരിപ്പന്തലിന് സമീപമാണ് അന്നദാന ഓഡിറ്റോറിയം ക്രമീകരിച്ചിരിക്കുന്നത്. ദിവസവും രാവിലെ 7 മുതല്‍ രാത്രി 10.30വരെയാണ് അന്നദാനം നടക്കുന്നത്. പ്രാതലിന് കുറഞ്ഞത് ആയിരത്തി അഞ്ഞൂറ് തീര്‍ഥാടകരും ഉച്ചയൂണിന് രണ്ടായിരത്തോളം തീര്‍ഥാടകരും എത്തും. വൈകിട്ട് ആയിരം തീര്‍ഥാടകരും അന്നദാനത്തില്‍ പങ്കാളികളാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 7 മുതല്‍ 10.30വരെയാണ് പ്രഭാത ഭക്ഷണം നല്‍കുന്നത്. രാവിലെ ഉപ്പുമാവും കടലയുമാണ് വിഭവം. രണ്ടു മുതല്‍ അഞ്ചു കൂട്ടം കറികള്‍ ഉള്‍പ്പടെയാണ് ഉച്ചയൂണ് വിതരണം. ചോറിനൊപ്പം സാമ്പാര്‍, തോരന്‍, അവിയല്‍, അച്ചാര്‍, രസം എന്നിവയാണ് കറികള്‍. മൂന്ന് മണിവരെയാണ് ഉച്ചയൂണ് വിതരണം നടത്തുന്നത്. വൈകിട്ട് 7 മുതല്‍ രാത്രി 10.30വരെ കഞ്ഞി, പയര്‍, അച്ചാര്‍ എന്നിവ തീര്‍ഥാടകര്‍ക്കായി വിതരണം ചെയ്യുന്നുണ്ട്. തീര്‍ഥാടന കാലം മുഴുവന്‍ നിലയ്ക്കലില്‍ അന്നദാന വിതരണം ഉണ്ടാവും. അന്നദാന വിതരണത്തിനായി പതിനഞ്ചോളം ജീവനക്കാരാണ് സേവനത്തിലുള്ളത്.