ശബരിമലയില്‍ ഇതുവരെ അന്നദാനം നല്‍കിയത് ആറരലക്ഷത്തോളം ഭക്തര്‍ക്ക് പത്തനംതിട്ട: ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്‍റെ അന്നദാനമണ്ഡപത്തില്‍ ഈ മണ്ഡലകാലത്ത് ഇതുവരെ എത്തിയത് ആറരലക്ഷം ഭക്തര്‍. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന അന്നദാന മണ്ഡപത്തില്‍ പ്രതിദിനം 17,000 പേരാണ് മൂന്ന് നേരങ്ങളിലായെത്തുന്നത്. അയ്യപ്പഭക്തരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും 87 ലക്ഷം രൂപയാണ് ഈ സീസണില്‍ ദേവസ്വം ബോർഡിന്‍റെ അന്നദാന പദ്ധതിക്കായി ലഭിച്ചത്.
ഇപ്രാവശ്യം ഡിസംബർ 23 വരെയുള്ള കണക്ക് പ്രകാരം 6,35,000 പേർ അന്നദാനത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് അന്നദാന മണ്ഡപം സ്‌പെഷ്യൽ ഓഫിസർ എസ്. സുനിൽകുമാർ പറഞ്ഞു. മാളികപ്പുറം ക്ഷേത്രത്തിന് സമീപമാണ് ആധുനിക രീതിയിൽ പണികഴിപ്പിച്ച ദേവസ്വം ബോർഡിന്‍റെ അന്നദാന മണ്ഡപം. ഒരുനേരം 7,000 പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ സാധിക്കും. മൂന്നു ഷിഫ്റ്റുകളിലായി 240 പേരാണിവിടെ ജോലി ചെയ്യുന്നത്.
പ്രഭാത ഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം എന്നിവ രാവിലെ 6.30 മുതൽ 11 മണി വരെ വിതരണം ചെയ്യും. ഉച്ചക്ക് 12 മുതൽ 3.30 വരെ പുലാവ്, അച്ചാർ, സാലഡ്, ചുക്കുവെള്ളം എന്നിവയും രാത്രിഭക്ഷണമായി വൈകീട്ട് 6.30 മുതൽ 11.15 വരെ കഞ്ഞി പയര്‍ എന്നിവയുമാണ് നൽകുന്നത്.
അന്നദാനത്തിനായി മണ്ഡപത്തിലെത്തുന്ന ഭക്തരെ സ്വാമി അയ്യപ്പനായാണ് ബോർഡ് കാണുന്നത്. അതുകൊണ്ടുതന്നെ ശുചിത്വ പൂർണമായ ഭക്ഷണമാണ് അവർക്ക് നൽകുന്നത്. ഓരോ നേരവും ഇവിടെ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ നിലവാരം ഉദ്യോഗസ്ഥ സംഘം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഭക്തർക്ക് വിളമ്പുന്നതെന്നും സ്‌പെഷൽ ഓഫിസർ പറഞ്ഞു.
ഭക്ഷ്യവസ്‌തുക്കൾക്കൊപ്പം അന്നദാന മണ്ഡപവും ശുചിയായി സംരക്ഷിക്കാൻ നിഷ്‌ഠ പുലർത്തുന്നുണ്ട്. ദിവസവും മൂന്നുനേരം പുൽത്തൈലം അടക്കമുള്ളവ ഉപയോഗിച്ച് യന്ത്രസഹായത്തോടെ മണ്ഡപം അണുവിമുക്തമാക്കും. പാത്രങ്ങൾ ഇലക്ട്രിക്കൽ ഡിഷ് വാഷറുപയോഗിച്ച് കഴുകാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്.