പത്തനംതിട്ട: ഹൈക്കോടതി പൊലീസ് സംരക്ഷണം നിർദ്ദേശിച്ചിരുന്ന വീട് അടിച്ചു തകർത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ റിമാന്‍റ് ചെയ്തു. തിരുവല്ല ഓതറ മുള്ളിപ്പാറ ചക്കശ്ശേരിൽ സുകുമാരന്‍റെ വീടും വാഹനങ്ങളും അടിച്ചു തകർത്ത കേസിലെ പ്രതികളായ ഓതറ കൈച്ചിറ മാളിയേക്കൽ പുത്തൻ വീട്ടിൽ മഞ്ചേഷ് (30), കൂടത്തും പാറ വീട്ടിൽ മോനിഷ് കുമാർ ( 32 ), കൂടത്തും പാറ വീട്ടിൽ ബ്ലസൻ ജോസഫ് (22), മുള്ളിപ്പാറ വീട്ടിൽ വിഷ്ണു മോഹൻ (23), ചിറയിൽ വീട്ടിൽ ജിതിൻ ജോസ് (20) എന്നിവരെയാണ് റിമാന്‍റ് ചെയ്തത്. വൈക്കം, അമ്പലപ്പുഴ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വെളളിയാഴ്‌ച പുലർച്ചയോടെയാണ് തിരുവല്ല സി ഐ പി എസ് വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വീട് അടിച്ചു തകർത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ റിമാന്‍റ് ചെയ്തു - ഹൈക്കോടതി
സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ സാബു അടക്കം 10 പേരെക്കൂടി ഇനി പിടികൂടാനുണ്ടെന്ന് പൊലീസ്.
ഇക്കഴിഞ്ഞ 27-ാം തീയതി രാത്രി പത്തരയോടെ ആയിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. സുകുമാരന്‍റെ വസ്‌തുവിൽ മതിൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന തർക്കത്തെ തുടർന്ന് പ്രാദേശിക സി പി എം പ്രാദേശിക നേതൃത്വം ഭീഷണിയുമായി എത്തി. തുടർന്ന് ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് സുകുമാരൻ ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശത്തെ തുടർന്ന് പൊലീസ് സംരക്ഷണയിൽ മതിൽ നിർമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സുകുമാരന്‍റെ വീടിന് നേരേ ആക്രമണമുണ്ടായത്. വീടിന്‍റെ ജനൽച്ചില്ലകളും പോർച്ചിലുണ്ടായിരുന്ന രണ്ട് സ്‌കൂട്ടറുകളും അക്രമി സംഘം അടിച്ചു തകർത്തിരുന്നു. ചിതറി വീണ ജനൽച്ചില്ല് തുളഞ്ഞു കയറി സുകുമാരന്‍റെ ചെറുമകന് പരിക്കേൽക്കുകയും ചെയ്തു. കേസിലെ മുഖ്യ പ്രതിയും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ സാബു അടക്കം 10 പേരെക്കൂടി ഇനി പിടികൂടാനുണ്ടെന്നും പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും ഡി വൈ എസ് പി ടി രാജപ്പൻ പറഞ്ഞു.