പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തോടനുബന്ധിച്ച് മുടങ്ങിയ പഴവങ്ങാടി പഞ്ചായത്തിലെ കുടിവെള്ള വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കാന്‍ നിയുക്ത എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനാണ് എംഎല്‍എ വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.
റോഡ് നിര്‍മ്മാണത്തിൽ റാന്നി വലിയ പാലം മുതല്‍ ചെത്തോംകര വരെയുള്ള ഭാഗത്തെ പൈപ്പ് ലൈനുകളാണ് തകരാറിലായിരിക്കുന്നത്. ഇതുമൂലം പൂഴിക്കുന്ന്, ചക്കിട്ടാംപൊയ്ക ഭാഗങ്ങളില്‍ ഒരു മാസത്തോളമായി കുടിവെള്ള വിതരണം മുടങ്ങി കിടക്കുകയാണ്. ഇട്ടിയപ്പാറ ടൗണിലും ഐത്തല, മീമുട്ടു പാറ ഭാഗങ്ങളിലും ജലവിതരണം താറുമാറായി.
READ MORE:ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്‌സ് കുഴഞ്ഞു വീണു മരിച്ചു
റാന്നി മേജര്‍ കുടിവെള്ള പദ്ധതിയുടെ ആനപ്പാറ മല ടാങ്കില്‍ നിന്നും ഗ്രാവിറ്റി ലൈന്‍ വഴിയാണ് ഇട്ടിയപ്പാറയിലെ ആനത്തടം ടാങ്കിലും അവിടെ നിന്ന് പൂഴിക്കുന്ന് ടാങ്കിലും വെള്ളമെത്തിക്കുന്നത്. റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗ്രാവിറ്റി ലൈനും സംസ്ഥാന പാതയിലെ വിതരണ കുഴലുകളും തകരാറിലാണ്. ആനത്തടം ടാങ്കില്‍ നിന്നും പൂഴിക്കുന്ന് ടാങ്കിലേക്ക് വെള്ളം എത്തുന്നില്ല. ഒരാഴ്ചകൊണ്ട് ഗ്രാവിറ്റി ലൈന്‍ തകരാര്‍ പരിഹരിച്ച് പൂഴിക്കുന്ന് ടാങ്കില്‍ വെള്ളം എത്തിക്കാം എന്നാണ് യോഗത്തില്‍ അധികൃതര്‍ അറിയിച്ചത്. '
READ MORE:ഐസിയു കിടക്കകളുടെ എണ്ണം കുറവ്; ജാഗ്രത തുടരണമെന്ന് പത്തനംതിട്ട കലക്ടര്‍
എന്നാല്‍ റോഡിലെ ജല വിതരണ പൈപ്പുകളുടെ പണികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ രണ്ടാഴ്‌ചയെങ്കിലും എടുക്കും. സ്ഥിരം പൈപ്പ് സ്ഥാപിക്കണമെങ്കില്‍ ടൗണിലുള്ള പത്തോളം കലുങ്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ലോക്ക് ഡൗണ്‍ സാഹചര്യം മുതലെടുത്ത് അടിയന്തരമായി ഇവിടങ്ങളിലെ കലുങ്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും യോഗത്തിൽ നിര്‍ദ്ദേശം നല്‍കി. ജലവിതരണത്തിന് സ്ഥിരം സംവിധാനത്തിന് കാലതാമസം നേരിടുമെങ്കില്‍ താല്‍ക്കാലിക സംവിധാനം വഴി പൈപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ള വിതരണം നടത്തുവാനും നിര്‍ദ്ദേശം ഉണ്ടായി.