പത്തനംതിട്ട: തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്‍റ് പ്രഫ സതീഷ് കൊച്ചുപറമ്പില്‍. പേ വിഷബാധക്കെതിരായ ആന്‍റി റാബീസ് വാക്‌സിന്‍ കുത്തി വയ്പ്പ് എടുത്തിട്ടും കുട്ടി മരിക്കാനിടയായത് ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥ മൂലമാണെന്നും ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഡി സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. മാത്രമല്ല കുട്ടിയെ ആദ്യം എത്തിച്ച പെരുനാട് സാമൂഹ്യ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്‍കുന്നതിലും കുത്തിവയ്‌പ് നല്‍കുന്നതിലും വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പരാതിയില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം; ഉന്നതതല അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്‍റ് - അഭിരാമിയുടെ മരണം ഏറ്റവും പുതിയ വാര്‍ത്ത
റാന്നി പെരുനാട് സ്വദേശിനി അഭിരാമി നായയുടെ കടിയേറ്റ് മരിക്കുവാന്‍ ഇടയായ സംഭവത്തില്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥ മൂലമാണെന്നും ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഡി സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് ആംബുലന്‍സ് ക്രമീകരിക്കുന്നതിനു പോലും ആശുപത്രി അധികൃതര്‍ തയ്യാറാകാതിരുന്നത് അനാസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. നഗര - ഗ്രാമ ഭേദമില്ലാതെ ആക്രമണകാരികളായ തെരുവ് നായ്ക്കള്‍ ജനങ്ങളുടെ ജീവന് വെല്ലുവിളി ഉയര്‍ത്തി അഴിഞ്ഞാടിയിട്ടും വന്ധ്യകരണം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ അവലംബിച്ച് ഇവയെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ആരോഗ്യ മന്ത്രി പുലര്‍ത്തുന്ന നിസംഗത അവസാനിപ്പിച്ച് മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പ് പാലിക്കുവാന്‍ നടപടി സ്വീകരിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.