പത്തനംതിട്ട : ശബരിമലയിൽ ദർശന സമയം നീട്ടി. ഉച്ചയ്‌ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടിയാണ് ദർശന സമയം കൂട്ടിയത്. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും (Darshan time extended at Sabarimala temple). ദേവസ്വം ബോർഡ് തീരുമാനം അയ്യപ്പ ഭക്തരുടെ അഭ്യർഥന മാനിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് (Travancore Devaswom Board) പ്രസിഡൻ്റ് പിഎസ് പ്രശാന്ത് പറഞ്ഞു.
ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 3 മണി മുതൽ തുറന്നാണ് ദർശന സമയം ദിവസവും ഒരു മണിക്കൂർ വീതം വർധിപ്പിച്ചത്. ശബരീശ ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്ന അയ്യപ്പഭക്തരുടെ ക്രമാതീതമായ തിരക്ക് കണക്കിലെടുത്താണ് ദർശനസമയം വർധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ശബരിമലയിലെത്തുന്ന മുഴുവൻ അയ്യപ്പ ഭക്തർക്കും ദർശന സൗകര്യം ഒരുക്കി കൊടുക്കണമെന്നതാണ് ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും നിലപാട്.
ദർശന സമയം വർധിപ്പിക്കണമെന്ന അയ്യപ്പ ഭക്തരുടെ ആവശ്യം ദേവസ്വം ബോർഡ് രേഖാമൂലം ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരെ അറിയിച്ചു. ദർശന സമയം വർധിപ്പിക്കുന്ന കാര്യം ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനും തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും ദേവസ്വം മന്ത്രിയുടെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദർശനസമയം വർധിപ്പിക്കാൻ തന്ത്രി തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് മുതൽ വൈകുന്നേരം 3 മണി മുതൽ ക്ഷേത്ര നട തുറക്കാമെന്ന് തന്ത്രി അറിയിച്ചു.