പത്തനംതിട്ട: ശക്തമായ കാറ്റിലും മഴയിലും തിരുവല്ല താലൂക്കിൽ വ്യാപക നാശനഷ്ടം. കാറ്റിൽ മരങ്ങൾ കടപുഴകി വീണ് 12 വീടുകൾ ഭാഗികമായി തകർന്നു. നൂറോളം വൈദ്യുതി പോസ്റ്റുകൾ ഒഴിഞ്ഞ് വീണതിനെ തുടർന്ന് വൈദ്യുതി വിതരണം തടസപ്പെട്ടു .
തിരുമൂലപുരം ഇരുവെള്ളിപ്പറ ഉഴത്തിൽ പാറയിൽ ബിജോയി വർഗീസിൻ്റെ കാർ ഷെഡിന് മുകളിലേക്ക് മരം വീണ് കാറിന് സാരമായ നാശനഷ്ടം സംഭവിച്ചു. പരുമല തോട്ടുങ്കൽ ദുർഗാ ദേവി ക്ഷേത്രം, വീരശൈവ സഭ തെങ്ങേലി 106-ാം നമ്പർ ശാഖാ മന്ദിരം എന്നിവക്കും മരം വീണ് നാശനഷ്ടമുണ്ടായിട്ടുണ്ട്. വൈഎംസിഎ ജങ്‌ഷനിൽ നിന്നിരുന്ന കൂറ്റൻ വാകമരം ടി കെ റോഡിലേക്ക് കടപുഴകി വീണു.
മല്ലപ്പള്ളി കുറ്റപ്പുഴ മാർത്തോമ്മ റെസിഡൻഷ്യൽ സ്‌കൂളിന് മുൻ വശത്തും മരം നിലം പതിച്ചിരുന്നു. കെഎസ്ഇബി മണിപ്പുഴ സെക്ഷൻ പരിധിയിൽ ഇരുപത്തിയാറും, കടപ്ര സെക്ഷൻ പരിധിയിൽ മുപ്പതും, തിരുവല്ല സെക്ഷൻ പരിധിയിൽ മുപ്പത്തിമൂന്നും വൈദ്യുത പോസ്റ്റുകൾക്ക് മരം വീണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
നെടുമ്പ്രം പൊടിയാടി സുരേഷ് ഭവനിൽ സുനിൽകുമാർ, കല്ലുങ്കൽ വല്ലേലിൽ അഭിലാഷ്, പരുമല -കടപ്ര മലയിൽ തോപ്പിൽ മാമ്മൻ വർഗീസ്, മുത്തൂർ കോട്ടത്തറ വീട്ടിൽ പെണ്ണമ്മ, കാട്ടൂക്കര കോവൂർ മലയിൽ മുളക്കാട്ടുങ്കര അത്തിലു കുട്ടി, കുറ്റൂർ പുതുവൽ വിജയൻ , തുകലശേരി നാറാണത്തേട്ട് വീട്ടിൽ എൻ എൻ രാധാകൃഷ്ണൻ , പാലിയേക്കര വടക്കേ പറമ്പിൽ മധുസൂദനൻ പിള്ള , കുറ്റൂർ മൂത്തോടത്ത് ഓമനക്കുട്ടൻ, കുറ്റൂർ തപസ്വി മലയിൽ സുജ, കുറ്റൂർ നടുവിലേ പുരയ്ക്കൽ സുഷമ, തെങ്ങേലി കൈലാസനാഥ ക്ഷേത്രത്തിന് സമീപം എം എസ് സോമൻ തുടങ്ങിയവരുടെ വീടുകൾക്കാണ് മരം വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചിരിക്കുന്നത്.