പത്തനംതിട്ട: ഹൃദ്രോഗിയായ പിതാവിന് മരുന്നു വാങ്ങി മടങ്ങിയ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്‌ടറെ വാഹനം തടഞ്ഞു നിർത്തി മർദിച്ചു. തിരുവല്ല ക്രൈംബ്രാഞ്ച് ഇൻസ്‌പെക്‌ടർ എസ് നന്ദകുമാറിനെ മദ്യപിച്ച് ബൈക്കില്‍ വന്ന പത്തനംതിട്ട കലക്‌ടറേറ്റിലെ ഐടി സെല്‍ മേധാവി ജിജി ജോർജും സുഹൃത്തും ചേർന്ന് മർദിക്കുകയായിരുന്നു. സുഹൃത്ത് ബ്ലസനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജിജി ജോർജ് ഒളിവിലാണ്.
ക്രൈംബ്രാഞ്ച് ഇൻസ്‌പെക്‌ടർക്ക് ഐടി സെല്‍ മേധാവിയുടെ മർദനം - ഐടി സെല്‍ മേധാവി
പത്തനംതിട്ട കലക്‌ടറേറ്റിലെ ഐടി സെല്‍ മേധാവി മദ്യലഹരിയില്‍ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്‌ടറെ മർദിച്ചു. ഇൻസ്‌പെക്‌ടർക്ക് മർദനമേറ്റത് പിതാവിന് മരുന്ന് വാങ്ങി മടങ്ങിയ വഴിയില്‍.
പിതാവിന് മരുന്നുവാങ്ങി മടങ്ങി വരുന്ന വഴി കാറിന് മുന്നില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ജിജിയും ബ്ലസനും. നന്ദകുമാർ ഹോൺ മുഴക്കിയിട്ടും കാർ കടത്തി വിടാൻ ഇവർ തയ്യാറായില്ല. ഇതിനിടെ കിട്ടിയ സ്ഥലത്ത് കൂടി നന്ദകുമാർ ബൈക്കിനെ ഓവർടേക്ക് ചെയ്‌തു. ഇതോടെ പ്രതികൾ ബൈക്ക് കാറിനോട് ചേർത്ത് നന്ദകുമാറിനെ അസഭ്യം പറഞ്ഞു. ഇടയ്‌ക്ക് അടുത്തുള്ള കടയിലേക്ക് സാധനം വാങ്ങാനായി നന്ദകുമാർ കാർ നിർത്തിയപ്പോഴാണ് കൈയേറ്റമുണ്ടായത്.
മർദനം കണ്ടുനിന്നവർ അത് സർക്കിൾ ഇൻസ്‌പെക്‌ടറാണ് എന്ന് പ്രതികളോട് പറയുകയും ചെയ്‌തു. എന്നാല്‍ കലക്‌ടറേക്കാൾ വലുതാണോടാ സിഐ എന്ന് ചോദിച്ച് പ്രതികൾ മർദനവും അസഭ്യവർഷവും തുടരുകയായിരുന്നു. തുടർന്ന് നന്ദകുമാർ പന്തളം പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് പ്രതികൾ രക്ഷപ്പെട്ടെങ്കിലും അവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബ്ലസനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് നന്ദകുമാർ മൊഴി നല്‍കി. നന്ദകുമാർ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.