കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ ഇന്ന് നാളെയും കൊവിഡ് പരിശോധന ക്യാമ്പയിന്‍ നടത്തും

പരിശോധന വര്‍ധിപ്പിക്കുന്നതിനോടൊപ്പം ജില്ലയില്‍ വാക്സിനേഷന്‍ ക്യാമ്പുകളും സജ്ജമാക്കും.

covid testing camp pathanamthitta  covid in pathanamthitta  covid latest news  കൊവിഡ് വാര്‍ത്തകള്‍  പത്തനംതിട്ട കൊവിഡ് ക്യാമ്പ്  പത്തനംതിട്ട വാര്‍ത്തകള്‍
പത്തനംതിട്ടയില്‍ ഇന്ന് നാളെയും കൊവിഡ് പരിശോധന ക്യാമ്പയിന്‍ നടത്തും

By

Published : Apr 16, 2021, 2:12 AM IST

പത്തനംതിട്ട: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ 16 നും 17 നും കൊവിഡ് പരിശോധനാ ക്യാമ്പയിന്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ നരസിംഹുഗാരി തേജ് ലോഹിത് റെഡി പറഞ്ഞു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും പ്രസിഡന്‍റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, ബ്ലോക്ക് തല മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്കായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ ആയിരിക്കും ഇന്നും നാളെയുമായുള്ള ക്യാമ്പയിന്‍ ക്രമീകരിക്കുന്നത്.

പരിശോധന വര്‍ധിപ്പിക്കുന്നതിനോടൊപ്പം വാക്സിനേഷന്‍ ക്യാമ്പുകളും സജ്ജമാക്കും. രോഗലക്ഷണമുള്ളവര്‍, രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവര്‍, പോളിങ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പോളിങ് ഏജന്‍റുമാര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെന്ന് വാര്‍ഡ് തല സമിതികള്‍ ഉറപ്പുവരുത്തും. വാക്സിന്‍ സ്വീകരിക്കാത്തവരും പൊതുയിടങ്ങളില്‍ പോകുന്നവരും 45 വയസിനു മുകളില്‍ പ്രായമായവരും പരിശോധയ്ക്ക് വിധേയരാകണം. കൊവിഡ് രോഗികളും രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും ക്വാറന്‍റൈനില്‍ കഴിയണം. ഏതെങ്കിലും സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ മറ്റു ജീവനക്കാര്‍ക്കും പരിശോധന നടത്തുകയും സ്ഥാപനം മൂന്നു മുതല്‍ നാല് ദിവസത്തേയ്ക്ക് അടച്ചിടുകയും വേണം.

ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ സി.എഫ്.എല്‍.ടി.സികളുടെ എണ്ണം ഉയര്‍ത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇതിന് ആവശ്യമായ സ്ഥാപനങ്ങള്‍ അടിയന്തരമായി കണ്ടെത്തി പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഓരോ തദ്ദേശസ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ വാക്സിനേഷന്‍ ക്യാമ്പുകളിലേക്ക് ഇന്‍റര്‍നെറ്റ്, വാഹനം എന്നീ സൗകര്യങ്ങള്‍ ഒരുക്കണം. പത്തനംതിട്ട മേരി മാതാ സ്‌കൂളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 16 മുതല്‍ വാക്സിനേഷന്‍ ആരംഭിക്കും.

ക്യാമ്പുകളില്‍ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സജീകരണങ്ങള്‍ ഒരുക്കണം. കണ്ടെയ്‌ൻമെന്‍റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം. നിലവിലുള്ള ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം 40 വയസില്‍ താഴെയുള്ളവരില്‍ മരണനിരക്ക് വര്‍ധിക്കുന്നുണ്ട്. കൊവിഡ് അതിതീവ്ര രോഗവ്യാപനത്തിനു സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അഭ്യര്‍ഥിച്ചു.

ABOUT THE AUTHOR

...view details