പത്തനംതിട്ട: വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികൾ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഗൃഹചികിത്സയ്ക്ക് പരിഗണിക്കുന്നത്.
പത്തനംതിട്ട ജില്ലയില്‍ 12802 രോഗികളുള്ളതില്‍ 11185 പേരും ഗൃഹചികിത്സയിലാണുള്ളത്. രോഗം സ്ഥിരീകരിച്ച വ്യക്തികളുടെ സൗകര്യം ഉറപ്പാക്കിയതിനുശേഷം മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വീടുകളിൽ തുടരാൻ രോഗികളെ അനുവദിക്കുന്നത്.
Also Read: സംസ്ഥാനത്ത് 37,290 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 79 മരണം
ഇത്തരത്തിൽ രോഗബാധിതര്‍ താമസിക്കുന്ന വീടുകളില്‍ നിന്നും 60 വയസിന് മുകളില്‍ പ്രായമുള്ളവരെയും ഗുരുതര രോഗം ബാധിച്ചവരെയും പത്തു വയസിനു താഴെയുള്ള കുട്ടികളെയും മാറ്റി താമസിപ്പിക്കേണ്ടതാണ്. അതിനുള്ള സാഹചര്യം ഇല്ലെങ്കില്‍ രോഗിയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നും ഇവരെ ഒഴിച്ചു നിര്‍ത്തണം.
അത്യാവശ്യഘട്ടത്തില്‍ വീട്ടിലേക്ക് വാഹനമെത്താനുള്ള വഴി, മൊബൈല്‍ ഫോണ്‍ സൗകര്യം, അറ്റാച്ച്ഡ് ബാത്ത്റൂം ഉള്ള പ്രത്യേക മുറി/ രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന ശുചിമുറിയോ ഉണ്ടായിരിക്കണം. വീട്ടില്‍ കഴിയുന്ന രോഗികള്‍ സമീകൃതാഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. നന്നായി വിശ്രമിക്കണം, ദിവസവും ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങണം. വീടുകളില്‍ ഒരു കാരണവശാലും സന്ദര്‍ശകരെ അനുവദിക്കാന്‍ പാടില്ല തുടങ്ങിയവയാണ് ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ.
Also Read:കൊവിഡ് വ്യാപനം: 13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകള്‍
അപകട സൂചനകളായ ശ്വാസതടസം, നെഞ്ചുവേദന, മയക്കം, മൂക്കില്‍ നിന്നും രക്തം, അതിയായ ക്ഷീണം, രക്ത സമ്മര്‍ദ്ദം കുറഞ്ഞ് മോഹാലസ്യം, കിതപ്പ് ഇവ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെയോ ഡോക്ടറെയോ വിവരം അറിയിക്കണം. വീടുകളില്‍ വ്യക്തി ശുചിത്വം പാലിക്കണം. നിത്യോപയോഗ സാധനങ്ങളും വീട്ടിലെ മറ്റു വസ്തുക്കളും രോഗിയുമായി പങ്കിടരുത്.
വീടുകളിലെ ഒത്തുചേരലുകള്‍ ഒഴിവാക്കണം. എല്ലാവരും മൂന്നു ലെയറുള്ള മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകണം. സ്ഥിരമായി സ്പര്‍ശിക്കുന്ന പ്രതലങ്ങളില്‍ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ജൈവമാലിന്യങ്ങള്‍ മണ്ണില്‍ കുഴിച്ചിടുകയും അജൈവ മാലിന്യങ്ങള്‍ സുരക്ഷിതമായി കത്തിച്ചുകളയുകയും വേണം.
ഗൃഹ ചികിത്സയിലുള്ള രോഗബാധിതര്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഫോണ്‍ വിളികളോട് കൃത്യമായി പ്രതികരിക്കുകയും അവരുമായി സഹകരിക്കുകയും വേണം. ഗൃഹചികിത്സയിലുള്ള രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ അതത് പ്രദേശത്തെ ആരോഗ്യ കേന്ദ്രവുമായോ പഞ്ചായത്ത് തലത്തിലുള്ള കണ്‍ട്രോള്‍ റൂമുകളുമായോ വാര്‍ഡുതല ആര്‍.ആര്‍.ടിയുമായോ ജില്ലാ കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പെടാം. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 0468 2228220, 0468 2322515. മാനസിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് 8281113911 എന്നീ നമ്പറിലേക്ക് വിളിക്കാം.