പത്തനംതിട്ട: കൊവിഡ് ഭേദമായി വീട്ടില്‍ മടങ്ങിയെത്തിയ കുടുംബത്തെ നാട്ടുകാരും സമൂഹവും ഒറ്റപ്പെടുത്തുന്നതായി പരാതി. തിരുവല്ല കടപ്ര പതിനൊന്നാം വാർഡില്‍ സൈക്കിൾമുക്ക് കൊല്ലംപറമ്പില്‍ കോളനി നിവാസിയായ ഷൈലജയും കുടുംബവുമാണ് ജില്ല കലക്ടർക്കും പൊലീസിനും പരാതി നല്‍കിയത്. പൊതു കിണറ്റിൽ നിന്ന് കുടിവെള്ളം എടുക്കാൻ സമീപ വാസികൾ കുടുംബാംഗങ്ങളെ സമ്മതിക്കുന്നില്ലെന്നാണ് പരാതി.
കൊവിഡ് ഭേദമായിട്ടും നാട്ടുകാർ ഒറ്റപ്പെടുത്തുന്നതായി കുടുംബത്തിന്‍റെ പരാതി
തിരുവല്ല കടപ്ര പതിനൊന്നാം വാർഡില്‍ സൈക്കിൾമുക്ക് കൊല്ലംപറമ്പില്‍ കോളനി നിവാസിയായ ഷൈലജയും കുടുംബവുമാണ് ജില്ല കലക്ടർക്കും പൊലീസിനും പരാതി നല്‍കിയത്. പൊതു കിണറ്റിൽ നിന്ന് കുടിവെള്ളം എടുക്കാൻ പോലും സമീപ വാസികൾ കുടുംബാംഗങ്ങളെ സമ്മതിക്കുന്നില്ലെന്ന് കുടുംബത്തിന്‍റെ പരാതി.
കുവൈറ്റിൽ നിന്ന് മേയ് 27നാണ് ഷൈലജ നാട്ടിൽ മടങ്ങിയെത്തിയത്. എയർപോർട്ടിൽ നിന്ന് സർക്കാർ സംവിധാന പ്രകാരമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയത്. ആദ്യത്തെ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും ജൂൺ നാലിന് നടത്തിയ രണ്ടാം പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സ പൂർത്തിയാക്കി രണ്ട് തവണ നടത്തിയ പരിശോധനയിലും നെഗറ്റീവായതിനെ തുടർന്ന് 19നാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.
നാല് സെന്‍റ് സ്ഥലത്തെ രണ്ട് മുറി വീട്ടിലാണ് കുടുംബത്തോടൊപ്പം ഷൈലജയുടെ താമസം. കുട്ടിവെള്ളം എടുക്കാൻ പൊതു കിണറാണ് ഇവർ ആശ്രയിക്കുന്നത്. ഇപ്പോൾ വീടിന് പുറത്തിറങ്ങാനോ കുടിവെള്ളം എടുക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് ഷൈലജ പറയുന്നു. 90 വയസുള്ള മുത്തശ്ശി, 65 വയസുള്ള ഹൃദ്രോഗിയായ അച്ഛൻ, അമ്മ, രണ്ട് കുട്ടികൾ ഇവരെയെല്ലാം നാട്ടുകാർ ഒറ്റപ്പെടുത്തുകയാണ്. ഭർത്താവ് രാജേഷിന് കടകളില്‍ നിന്ന് സാധനം നൽകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. പേരും വിലാസവും ഉൾപ്പെടെ കൊവിഡ് രോഗിയാണെന്ന് കാണിച്ച് സമൂഹ മാധ്യമങ്ങൾ വഴി ജനപ്രതിനിധി തന്നെ പ്രചാരണം നടത്തിയതായും വീട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജില്ല കലക്ടർക്കും, പുളിക്കീഴ് പൊലീസിനും കുടംബം പരാതി നല്‍കിയത്.