എറണാകുളം: തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർഥിയായിരുന്ന എം സ്വരാജ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ സ്ഥാനാർഥിയായി വിജയിച്ച കെ ബാബുവിന് കോടതി നോട്ടീസ് അയച്ചു.
മതത്തെ ഉപയോഗിച്ച് കെ ബാബു വോട്ട് തേടിയെന്നാണ് എം സ്വരാജിന്‍റെ ആരോപണം. ഇത് ജനപ്രതിനിധ്യ നിയമത്തിന്‍റെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ശബരിമല അയ്യപ്പനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന്‍റെ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ശബരിമല അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും കെ ബാബു ദുരുപയോഗം ചെയ്തതായാണ് ഹർജിക്കാരന്‍റെ വാദം.