പത്തനംതിട്ട:കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യം, മയക്കുമരുന്ന്, മറ്റു നിരോധിത ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉല്‍പാദനം, വിപണനം, ശേഖരണം, കടത്ത് എന്നിവ തടയുന്നതിനായി പത്തനംതിട്ട ഡിവിഷണല്‍ എക്സൈസ് വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണര്‍ മാത്യു ജോര്‍ജ് അറിയിച്ചു. കോന്നി, ചിറ്റാര്‍, അടൂര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പെട്രോളിങ് യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കോന്നി നിയോജകമണ്ഡലം ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമായി ഇതിനോടകം 29 അബ്കാരി കേസുകളും, നാല് എന്‍ഡിപിഎസ് കേസുകളും, 52 കോട്പാ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 29 പേരെ അറസ്റ്റ് ചെയ്തു.
ഉപതെരഞ്ഞെടുപ്പ്; ജാഗ്രതയോടെ എക്സൈസ് വകുപ്പ്
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയില്‍ എക്സൈസിന്‍റെ കര്‍ശന പരിശോധനയും അറസ്റ്റും
കോന്നി, ചിറ്റാര്‍, അടൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പൊലീസ്, ഫോറസ്റ്റ്, റവന്യൂ എന്നീ വകുപ്പുകളുമായി സംയുക്ത റെയ്ഡുകളും വാഹന പരിശോധനകള്‍ നടത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനപ്രദേശങ്ങളിലും ലേബര്‍ ക്യാമ്പുകളിലും എക്സൈസ് വകുപ്പ് പരിശോധന നടത്തുന്നുണ്ട്. കൂടാതെ എക്സൈസ് വകുപ്പിന്‍റെ കീഴില്‍ ലൈസന്‍സ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും സ്പിരിറ്റ് സംഭരിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുള്ളതായും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ അറിയിച്ചു.