പത്തനംതിട്ട : മല്ലപ്പള്ളിയിൽ നടന്ന സിപിഎം പരിപാടിയിൽ ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ പരാതി. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് പരാതി നല്‍കിയത്. ചൊവ്വാഴ്‌ച പത്തനംതിട്ട എസ്‌പിക്ക് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.
മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്നും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതി ഫയലില്‍ സ്വീകരിച്ച കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. അതേസമയം, മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാവിരുദ്ധ പ്രസംഗം പൊലീസ് പരിശോധിക്കും.